ന്യൂഡൽഹി
കാർഷിക നിയമങ്ങൾക്കെതിരായി ഹരിയാനയിൽ പ്രക്ഷോഭത്തിലുള്ള കർഷകരുടെ പ്രതിഷേധച്ചൂടിൽ വലഞ്ഞ് സംസ്ഥാനത്തെ ബിജെപി ജെജെപി നേതാക്കൾ. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി–- ജെജെപി നേതാക്കൾക്കെതിരായ കർഷകരുടെ പ്രതിഷേധം. കർക്ഷകരെ ഭയന്ന് പല പൊതുപരിപാടികളും ചടങ്ങുകളും ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ട ഗതികേടിലാണ് മന്ത്രിമാർ അടക്കമുള്ള നേതാക്കൾ.
പഞ്ച്കുളയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയത് ഹെലികോപ്ടർ അജ്ഞാതസ്ഥലത്ത് ഇറക്കിയാണ്. സാധാരണ ഇറങ്ങാറുള്ള ഹെലിപാഡിന് ചുറ്റും കർഷകർ പ്രതിഷേധവുമായി നിരന്നതോടെയാണിത്. പ്രതിഷേധിച്ച എഴുപതിലേറെ കർഷകരെ പൊലീസ് കസ്റ്റഡിയിൽ വച്ചെങ്കിലും കർഷകർ സ്റ്റേഷൻ ഉപരോധിച്ചതോടെ കേസെടുക്കാതെ വിട്ടയച്ചു.
ബിജെപി അധ്യക്ഷൻ ഓംപ്രകാശ് ഝങ്കർ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന രക്തദാന ക്യാമ്പ് മാറ്റിവച്ചു. ഹിസാർ എംഎൽഎ ഒരു പാർക്ക് ഉദ്ഘാടനത്തിനെത്തിയത് രാത്രിയിൽ ആരുമില്ലാത്തപ്പോഴാണ്. തിങ്കളാഴ്ച കൃഷി മന്ത്രി ജെ പി ദലാലിനെ ഭിവാനിയിൽ നൂറുക്കണക്കിന് കർഷകർ കരിങ്കൊടി കാട്ടി. യോഗ ദിന ചടങ്ങിനെത്തിയ ബബിത ഫൊഗാട്ടിന് നേരെയും പ്രതിഷേധമുണ്ടായി. ബിജെപി–- ജെജെപി നേതാക്കൾ മൗനം വെടിഞ്ഞ് കാർഷിക നിയമങ്ങൾക്കെതിരായി രംഗത്തുവരണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.