വാഷിങ്ടൺ
കോവിഡ് ബാധിതരെ ഗ്വാണ്ടാനാമോ ജയിലിൽ അടയ്ക്കാൻ അമേരിക്കൻ പ്രസിഡന്റായിരിക്കെ ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർമാർ താസ്മീൻ അബുതലെബ്, ഡാമിയൻ പാലെറ്റ എന്നിവരുടെ ‘നൈറ്റ്മെയർ സെനാരിയോ: ഇൻസൈഡ് ദ ട്രംപ് അഡ്മിനിസ്ട്രേഷൻസ് റെസ്പോൺസ് ടു ദ പാൻഡമിക് ദാറ്റ് ചേഞ്ച്ഡ് ഹിസ്റ്ററി’ എന്ന പുസ്തകത്തിലാണ് പരാമർശം.
അമേരിക്കയിൽ കോവിഡ് സാഹചര്യം വഷളാകാൻ തുടങ്ങിയ 2020 ഫെബ്രുവരിയിൽ നടന്ന ഉന്നത യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരെ ഞെട്ടിച്ച ട്രംപിന്റെ പരാമർശം. പരിശോധന വർധിപ്പിക്കാനുള്ള നിർദേശത്തെയും ട്രംപ് എതിർത്തു. പരിശോധന കൂട്ടിയാൽ യഥാർഥ കണക്ക് പുറത്തുവരികയും താൻ തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്യുമെന്നായിരുന്നു വാദം. രോഗബാധിതരായ 14 പൗരൻമാരെ അമേരിക്കയിലേക്ക് തിരിച്ചുവരാൻ അനുവദിച്ച ഉദ്യോഗസ്ഥനെ പുറത്താക്കാനും അദ്ദേഹം നിർദേശിച്ചു. ‘വൈറസല്ല, സാധനങ്ങളാണ് അമേരിക്ക ഇറക്കുമതി ചെയ്യുന്ന’തെന്നായിരുന്നു മുൻ പ്രസിഡന്റ് പറഞ്ഞത്. ഡോ. ആന്തണി ഫൗചി ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശം തുർച്ചയായി അവഗണിച്ചെന്നും പുസ്തകത്തിൽ പറയുന്നു. കോവിഡ് സംബന്ധിച്ച് ട്രംപും ഉന്നത ഉദ്യോഗസ്ഥരും നൽകിയ അഭിമുഖങ്ങൾ ആസ്പദമാക്കിയാണ് പുസ്തകം.