ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ 12–-ാം ക്ലാസ് പരീക്ഷകളുടെ ഫലം തയ്യാറാക്കാൻ സിബിഎസ്ഇയും സിഐഎസ്സിഇയും തയ്യാറാക്കിയ മൂല്യനിർണയ മാനദണ്ഡങ്ങൾക്ക് സുപ്രീംകോടതി അംഗീകാരം. പുതിയ മൂല്യനിർണയ മാനദണ്ഡങ്ങൾ നീതിപൂർവവും യുക്തിപരവുമാണെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഓപ്ഷണൽ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതുവരെ പ്രവേശനങ്ങൾ തുടങ്ങരുതെന്ന് കോളേജുകൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും നിർദേശം നൽകുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണിജനറൽ കെ കെ വേണുഗോപാൽ ഉറപ്പുനൽകി. പരീക്ഷകൾ റദ്ദാക്കിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. 20 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയെ സംരക്ഷിക്കുന്ന ശരിയായ നടപടിയാണ് ബോർഡുകളുടേത്. പരീക്ഷകൾ നടത്തി വിദ്യാർഥികൾ കോവിഡ് ബാധിതരായാൽ അതിന്റെ ഉത്തരവാദിത്തം ഹർജിക്കാർ ഏറ്റെടുക്കുമോയെന്നും കോടതി ചോദിച്ചു.
മൂല്യനിർണയ മാനദണ്ഡം അനുസരിച്ചുള്ള ഫലനിർണയം വേണോ ഓപ്ഷണൽ പരീക്ഷ എഴുതണോ എന്ന് തീരുമാനിക്കാൻ വിദ്യാർഥികൾക്ക് ഇപ്പോൾ അവസരം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളി. പുതിയ മൂല്യനിർണയമാനദണ്ഡം അനുസരിച്ചുള്ള ഫലനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു.