ന്യൂഡൽഹി
ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കുന്ന മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾക്ക് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിഷയ വിദഗ്ധ സമിതി അംഗീകാരം നൽകി. കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് ഡിസിജിഐയുടെ അംഗീകാരവും വൈകാതെ ലഭിക്കും. കോവാക്സിന് മൂന്നാംഘട്ട പരീക്ഷണ പ്രകാരം 77.8 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ കടുത്ത വാക്സിൻക്ഷാമം നേരിട്ടതോടെയാണ് മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവരുന്നതിനുമുമ്പു ഡിസിജിഐ കോവാക്സിന് ഉപയോഗാനുമതി നൽകിയത്. മൂന്നാംഘട്ട പരീക്ഷണം 25,800 പേരിലാണ് നടത്തിയത്.
ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതിയും കോവാക്സിന് കിട്ടാൻ ഭാരത് ബയോടെക് ശ്രമമാരംഭിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാൽ കോവാക്സിൻ കയറ്റുമതി ചെയ്യാനാകും. വാക്സിനെടുത്തവർക്ക് വിദേശത്ത് പോകാൻ നിലവിലുള്ള തടസ്സങ്ങൾ മാറുകയും ചെയ്യും.