ന്യൂഡൽഹി
എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ വിളിച്ചുചേർത്ത വിവിധ കക്ഷി നേതാക്കളുടെ യോഗം സമകാലിക രാഷ്ട്രീയസാഹചര്യങ്ങൾ വിലയിരുത്തി പിരിഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നില്ല യോഗമെന്നും മൂന്നാം മുന്നണി രൂപീകരണമൊന്നും അജൻഡയായില്ലെന്നും യോഗത്തിൽ പങ്കെടുത്ത ശേഷം നേതാക്കൾ പ്രതികരിച്ചു. സിപിഐ എം, സിപിഐ, എൻസിപി, എസ്പി, എഎപി, തൃണമൂൽ, എൻസി, ആർഎൽഡി തുടങ്ങിയ പാർടികളുടെ നേതാക്കൾ യോഗത്തിനെത്തി. കോൺഗ്രസ് വിട്ടുനിന്നു.
ഇതൊരു രാഷ്ട്രീയ യോഗമായിരുന്നില്ലെന്ന് സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത പിബി അംഗം നീലോൽപ്പൽ ബസു പറഞ്ഞു. സമാന ചിന്താഗതിക്കാർ തമ്മിലുള്ള ആശയവിനിമയം മാത്രമാണുണ്ടായത്. കോവിഡ് സ്ഥിതി കൈകാര്യം ചെയ്യൽ, ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായും- ബസു പറഞ്ഞു.
മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കി ശരദ് പവാറിന്റെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപീകരിക്കുന്നുവെന്ന വാർത്തകൾ എൻസിപിയെ പ്രതിരോധത്തിലാക്കി. പവാറല്ല യോഗം വിളിച്ചതെന്നും യശ്വന്ത് സിൻഹയുടെ രാഷ്ട്രീയ മഞ്ചാണെന്നും എൻസിപി നേതാക്കളായ പ്രഫുൽ പട്ടേലും മജീദ് മേമനും വിശദീകരിച്ചു. കോൺഗ്രസിലെ തിരുത്തൽ വാദക്കാരായ കപിൽ സിബൽ, മനീഷ് തിവാരി, മനു അഭിഷേക് സിങ്വി, വിവേക് ഝങ്ക എന്നിവരെ ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല.