സതാംപ്ടൺ
ന്യൂസിലൻഡ് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻമാർ. ആറ് ദിവസംവരെ നീണ്ട ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് കീഴടക്കി. ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ സങ്കടം മറക്കാൻ ന്യൂസിലൻഡിന് ഈ പ്രഥമ ടെസ്റ്റ് കിരീടം ഉപകരിക്കും. ആദ്യമായാണ് കിവികൾ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഒരു കിരീടം നേടുന്നത്. ഇന്ത്യ ഉയർത്തിയ 139 റൺ വിജയലക്ഷ്യം ബൗളർമാർ മേധാവിത്വം പുലർത്തിയ പിച്ചിൽ പതറാതെ പിന്തുടർന്നു. പരിചയസമ്പന്നരായ ക്യാപ്റ്റൻ കെയ്ൻ വില്യംസണും (89 പന്തിൽ 52), റോസ് ടെയ്ലറുമാണ് (100 പന്തിൽ 47) അവരെ ചരിത്ര വിജയത്തിലേക്ക് നടത്തിച്ചത്.
സ്കോർ: ഇന്ത്യ 217, 170 ന്യൂസിലൻഡ് 249, 2–-140.
ആദ്യദിനം മഴ കളിയെടുത്തതിനാലാണ് കരുതൽദിനമായ ബുധനാഴ്ചയും കളി നടന്നത്. ഇതോടെ മത്സരം ആറ് ദിവസത്തേക്ക് നീണ്ടു. ഹാംപ്ഷെയർ ബൗളിൽ തുടക്കംമുതൽ ന്യൂസിലൻഡിനായിരുന്നു കളിയുടെ നിയന്ത്രണം. പേസർ കൈൽ ജാമിസനാണ് ഇന്ത്യയുടെ അടിവേരിളക്കിയത്. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പിഴുത വലംകൈയൻ അവസാനദിനവും തകർച്ചയ്ക്ക് തുടക്കമിട്ടു. രണ്ടിന് 64 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ തുടങ്ങിയത്. ആകെ 32 റൺ ലീഡും. വലിയ സ്കോർ നേടി അവസാന സെഷനിൽ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയച്ച് സമ്മർദത്തിലാക്കാമെന്നായിരുന്നു തന്ത്രം. പക്ഷേ ഒന്നും ഫലിച്ചില്ല. ജാമിസൺ കൊടുങ്കാറ്റിനുമുന്നിൽ വൻമരങ്ങളായ വിരാട് കോഹ്ലിയും (13), ചേതേശ്വർ പൂജാരയും (15) കടപുഴകി. പിന്നാലെ എത്തിയവരും മറിച്ചായില്ല. അജിൻക്യ രഹാനെ (15), രവീന്ദ്ര ജഡേജ (16) എന്നിവരുടെ ബാറ്റുകളും കീഴടങ്ങി. ഋഷഭ് പന്തിലായിരുന്നു (41) ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ. എന്നാൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് യുവതാരവും മടങ്ങി. ഇതോടെ ഇന്ത്യ തീർന്നു. ന്യൂസിലൻഡിനായി ടിം സൗത്തി നാല് വിക്കറ്റ് നേടി.
വിജയലക്ഷ്യം പിന്തുടർന്ന കിവികൾ ശ്രദ്ധയോടെയായിരുന്നു നീങ്ങിയത്. ടോം ലാഥത്തെയും (9), ഡെവൻ കൊൺവേയേയും (19) നഷ്ടമായെങ്കിലും വില്യംസൺ–-ടെയ്ലർ കൂട്ടുകെട്ട് ഉറച്ചുനിന്നു. ഇന്ത്യൻ നിരയിൽ ആർ അശ്വിനുമാത്രമാണ് ന്യൂസിലൻഡ് ബാറ്റ്സ്മാൻമാരെ കാര്യമായി പരീക്ഷിക്കാനായുള്ളു.