ന്യൂഡൽഹി
സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം കോവിഡ് വാക്സിൻ മാറ്റിവച്ച കേന്ദ്രസർക്കാരിന്റെ നയം ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹർജി. സ്വകാര്യ ആശുപത്രികൾ വാക്സിൻ വാങ്ങിക്കൂട്ടുന്നത് രാജ്യത്ത് വാക്സിൻ അസമത്വത്തിന് ഇടയാക്കുമെന്ന് ജോൺബ്രിട്ടാസ് എംപി, പ്രൊഫ. ആർ രാംകുമാർ എന്നിവർ സമർപ്പിച്ച ഇടപെടൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.
രാജ്യത്ത് മുൻകാല പ്രതിരോധയജ്ഞങ്ങളിൽ സ്വകാര്യആശുപത്രികൾ കാര്യമായ പങ്ക് വഹിച്ചിട്ടില്ല. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മെയ് മാസം ആശുപത്രികൾക്ക് 7.4 കോടി വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 1.85 കോടി (25%) സ്വകാര്യആശുപത്രികൾക്കാണ്. ഇതിൽ 1.29 കോടി വാക്സിൻ സ്വകാര്യആശുപത്രികൾക്ക് കൈമാറി. 22 ലക്ഷം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്.
രാജ്യത്ത് 43,487 സ്വകാര്യആശുപത്രി ഉണ്ടെങ്കിലും ചില കോർപറേറ്റ് ആശുപത്രികൾ മാത്രമാണ് വാക്സിൻ സംഭരിക്കുന്നത്. വൻനഗരങ്ങളിലെ ഒമ്പത് ഹോസ്പിറ്റൽ ഗ്രൂപ്പാണ് സ്വകാര്യആശുപത്രികൾക്ക് അനുവദിച്ച വാക്സിനുകളിൽ 50 ശതമാനവും സംഭരിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനം നഗരവാസികളായ സമ്പന്നർക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹ്യ, സാമ്പത്തിക സമത്വം എന്ന അവകാശത്തിന്റെ ലംഘനമാണിതെന്നും ഹർജിയിൽ പറഞ്ഞു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഹർജിക്കാർ അഡ്വ. രശ്മിത രാമചന്ദ്രൻ മുഖേന ഹർജി നൽകിയത്.