കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ആളുകൾ തിരക്കിട്ട് എത്തിതുടങ്ങിയതോടെ സ്ലോട്ട് ലഭിക്കാതെ മടങ്ങുകയാണ് നിരവധി ആളുകൾ. എന്നാൽ, ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളാ പോലീസ്. വളരെ എളുപ്പത്തിൽ സ്ലോട്ട് ലഭിക്കുന്നതിനായി കേരളാ പോലീസ് സൈബർ ഡോമും മാഷപ്പ്സ്റ്റാക്കും ചേർന്ന് എന്ന വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുകയാണ്.
കോവിഡ് വാക്സിനുള്ള സ്ലോട്ട് മൊബൈൽ ഫോണിലും ലാപ്ടോപ്പിലും തിരയാൻ സഹായിക്കുന്നതാണ് പോലീസ് ഒരുക്കിയ vaccinefind.in വെബ്സൈറ്റ്. വാക്സിനുമായി ബന്ധപ്പെട്ട് മറ്റ് സൈറ്റുകളും ആപ്പുകളും ഒരാഴ്ചത്തെ സ്ലോട്ടുകൾ കാണിക്കുമ്പോൾ പോലീസ് പുറത്തിറക്കിയ ഈ വെബ്സൈറ്റിൽ രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ ലഭ്യമാക്കുമെന്നാണ് കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുള്ളത്.
വാക്സിൻ ലഭ്യമായ ദിവസങ്ങൾ വെബ്സൈറ്റിൽ പച്ച നിറത്തിൽ രേഖപ്പെടുത്തുന്നതിനാൽ ഒഴിവുള്ള തീയതികൾ പെട്ടെന്ന് തന്നെ കണ്ടെത്താനും ബുക്കുചെയ്‌യാനും സാധിക്കുമെന്നാതാണ് ഈ വെബ്സൈറ്റിന്റെ മേന്മ. വാക്സിൽ സ്ലോട്ടുകളുടെ ലഭ്യത ഒരോ 30 സെക്കന്റിലും പരിശോധിക്കുന്നതിലൂടെ ആളുകൾക്ക് വാക്സിൻ വരുന്നത് വളരെ പെട്ടെന്ന് തന്നെ അറിയാൻ സാധിക്കുമെന്നതും ഈ വെബ്സൈറ്റിനെ കൂടുതൽ ജനകീയമാക്കും.
എന്ന വെബ്സൈറ്റ് ഓട്ടോമാറ്റിക്കായി ലഭ്യമായ സ്ലോട്ട് തിരയുകയും ലഭ്യമായാൽ ഈ വിവരം ആളുകളെ ബ്രൗസർ സൗണ്ട് വഴി അറിയിക്കുകയും ചെയ്‌യും. ഒരു തവണ വാക്സിൻ ലഭ്യമാക്കേണ്ട സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ പിന്നീട് ബ്രൗസർ തുറക്കുമ്പോൾ തന്നെ വാക്സിൻ സ്ലോട്ട് ലഭ്യമാണോയെന്നത് ഉപയോക്താക്കൾക്ക് അറിയാനുള്ള സംവിധാനവും ഈ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
വെബ്സൈറ്റ് ഉപയോഗിക്കുന്നയാൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്‌യുന്നതിലൂടെ വാക്സിൻ തിരയുന്ന പ്രകൃയ കൂടുതൽ ആയാസ രഹിതമാകുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ഇതിനൊപ്പം സ്ലോട്ടുകൾ തിരയുന്നതിന് 40-ൽ അധികം ഫിൽട്ടറും ഡോസ്-1, ഡോസ്-2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്. മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമക്കുന്നുണ്ടെന്നും പോലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Content Highlights: Kerala Police Develop vaccinefind.in Website To Get Covid Vaccine Slot