വായനദിനവുമായി ബന്ധപ്പെട്ട ചില കുറിപ്പുകൾ വായിച്ചപ്പോൾ മഹാമാരിക്കാലത്തെ വായനയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കുകയാ യിരുന്നു. വായന ഒട്ടുമിക്കവാറും സയന്റിഫിക് ലിറ്ററേച്ചറിലേക്ക് മാറ്റേണ്ടി വന്ന സമയമാണ് കഴിഞ്ഞ ഒന്നര വർഷത്തെ പാൻഡെമിക് ജീവിതം. 2020 ജനുവരി 24 ന് ലാൻസെറ്റിൽ പബ്ലിഷ് ചെയ്ത, വുഹാനിലെ 41 “നോവൽ കൊറോണവൈറസ്” രോഗികളെക്കുറിച്ചുള്ള പഠനം മുതൽ, ഈ ജൂൺ 18-ന്, പ്രസിദ്ധീകരിച്ച, ലോങ്ങ് കോവിഡ് എങ്ങനെയാണ് മോഡേൺ മെഡിസിന്റെ ബ്ലൈൻഡ് സ്പോട്ട് വെളിവാക്കിയതെന്ന കമന്റ് വരെ, തിരമാല പോലെയാണ് ശാസ്ത്ര ലേഖനങ്ങൾ വന്നു കൊണ്ടിരുന്നത്.
അതിഗുരുതര മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന സൂചന വന്നതുമുതൽ സാർസ് കോവ്-2 വൈറസിന്റെ ഗതിവിഗതികളെ ക്കുറിച്ചു ള്ള നിഗമനങ്ങളും കണ്ടെത്തപ്പെട്ട വിവരങ്ങളും വന്നു തുടങ്ങി.
സയൻസിലും നേച്ചറിലും ലാൻസെറ്റിലുമൊക്കെ വന്ന ലേഖനങ്ങൾ ആദ്യമൊക്കെ പ്രിന്റെടുത്തായിരുന്നു വായന. എന്നാൽ, പേജ് മണപ്പിച്ച്, കൈകൾ കൊണ്ട് മറിച്ചു മാത്രമേ വായിക്കൂ എന്ന് വാശിപിടിച്ച് കിൻഡി ലും ഓഡിബിളും മാറ്റി വച്ച എനിക്ക് ഈ കാലത്ത് ഐപാഡിലേക്കും ലാപ്ടോപ്പിലേക്കുമായി വായനയെ പറിച്ചു നടേണ്ടി വന്നു.
സാധാരണയായി മെഡിക്കൽ ജേണലുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ വലിയ ചെലവുള്ളതാണ്. ഡോക്ടർമാരും റിസേർച് സയന്റിസ്റ്റുകളുമൊക്കെ യാണ് സ്ഥിരമായി അവ വായിക്കുക. അസാധാരണ സാഹചര്യം മുൻ നിർത്തി ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് അത്തരം ജേണലുകൾ സൗജന്യമായി ലഭ്യമായതാണ് പ്രകീർത്തിക്കേപ്പെടേണ്ട പബ്ലിഷിങ് റെവല്യൂഷൻ. പാൻഡെമിക്ക് വിതച്ച ഭീതിയും സൗജന്യമായി ആക്സസ് ചെയ്യാവുന്ന പബ്ലിക്കേഷനുകളും ആരോഗ്യമേഖലയ്ക്ക് പുറത്തുള്ള വരെക്കൂടി വലിയ മെഡിക്കൽ വായനക്കാരാക്കിയതായി ചിലരോട് സംസാരിക്കുമ്പോൾ മനസ്സിലായിട്ടുണ്ട്.
ഇലക്ട്രോണിക് പബ്ലിഷിങിന്റെ അനന്തസാധ്യത വിവര സമാഹരണ ത്തിനും കൈമാറ്റത്തിനും കുറച്ചൊന്നുമല്ല ഇക്കാലത്ത് സഹായക രമായത്. ഒരു ജേണലിലേക്ക് മുമ്പൊക്കെ ആർട്ടിക്കിൾ അയച്ചു കഴിഞ്ഞാൽ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞൊക്കെ ആയിരിക്കും പ്രസിദ്ധീകൃതമാവുക. എന്നാൽ അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് എഡിറ്റോറിയൽ റിവ്യൂവും പിയർ റിവ്യൂവുമൊക്കെ ഫാസ്റ്റ് ട്രാക്ക് ചെയ്താണ് നൂതന വിവരങ്ങൾ അപ്പപ്പോൾ ഓൺലൈനിൽ എത്തിക്കൊണ്ടിരുന്നത്. അച്ചടിച്ചു വരുന്നതിന് മുൻപേ പ്രീ-പ്രിന്റ് രൂപത്തിലും ലേഖനങ്ങൾ ലഭ്യമായത് ഏറെ ഗുണകരമായിരുന്നു.
വഴുതിമാറുന്ന കൊലയാളിയെപ്പോലെ ഇവോൾവ് ചെയ്തുവരുന്ന വൈറസ്, അതിനെ തളയ്ക്കാനുള്ള ക്ലൂ തേടി ഡിറ്റക്ടീവുകളായ ശാസ്ത്രജ്ഞർ.
പോളിസികൾ രൂപപ്പെടുത്തുന്നതിന് ഗവൺമെന്റുകളും ആശ്രയിച്ചത് അതാതുകാലത്തെ ശാസ്ത്ര ലേഖനങ്ങളെയും നിഗമനങ്ങളെയും തന്നെയായിരുന്നു.
ഹൈഡ്രോക്സി ക്ളോറോക്വീനും വൈറ്റമിൻ- സിയും സിങ്കും ഐവെർമെക്ടിനും അസിത്രോമൈസിനും പ്ലാസ്മ തെറപ്പീയും ഫാവിപിറാവിറുമൊക്കെ ഓരോരോ കാലത്ത് പ്രോട്ടൊക്കോളുകളിൽ കടന്നു വരികയും പുതിയ നിരീക്ഷണങ്ങളിൽ ഉപയോഗപ്രദമല്ലെന്ന് കണ്ടെത്തി പിന്നീട് ഒഴിവാക്കപ്പെടുന്നതും നാം കണ്ടു.
നവീനമായ ടെക്‌നോളജിയിലൂടെ വാക്സിൻ നിർമ്മിക്കപ്പെടുന്നതും സേഫ്റ്റി ചെക്കുകൾ കഴിഞ്ഞ് എമർജൻസി അപ്രൂവൽ ലഭിക്കുന്നതും, കോടിക്കണക്കിനു കുത്തിവയ്പുകളിലൂടെ സമൂഹങ്ങൾ വൈറസിനെ കീഴടക്കി, രാജ്യങ്ങൾ തുറന്നു വരുന്നതും ചെറിയ കാലയളവിൽത്തന്നെ സംഭവിച്ചു.
പബ്ലിഷ് ചെയ്യപ്പെട്ട പല വിവാദപഠനങ്ങളും ഇഴകീറി ചർച്ചചെയ്യപ്പെടു ന്നതും പിൻവലിക്കപ്പെടുന്നതും ഇതിനിടെ ഉണ്ടായി. പരീക്ഷണ-നിരീക്ഷ ണങ്ങൾ നടത്തി സ്വയം നവീകരിക്കുന്ന ഒന്നാണ് ശാസ്ത്രമെന്നതിൽ ശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയിൽ അഭിമാനമുയർന്ന കാലമാണിത്. സയൻസും മോഡേൺ മെഡിസിനും തന്നെയാണ് രക്ഷയെന്ന് സംശയലേശമന്യേ സമൂഹം മനസ്സിലാക്കിയ കാലം!
ഇടയിൽ വായനക്കാരായ സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴും ടി.പി.ആറും നോൺ- ഇൻവേസീവ് വെന്റിലേഷനും വാക്സീൻ ഡോസുകൾ തമ്മിലുള്ള ഇടവേളയുമൊക്കെത്തന്നെയാണ് പ്രധാന വിഷയമായിരുന്നത്. ജെ കെ. (ജയകൃഷ്ണൻ) കണ്ടെത്തുന്ന അപൂർവ പുസ്തകങ്ങൾ യു എസ്സിൽ നിന്നൊക്കെയായി തപ്പിപ്പിടിക്കുമ്പോഴുള്ള ചെറിയ സന്തോഷങ്ങൾ തുടരുന്നുമുണ്ടായിരുന്നു.
ഭീതിനിറഞ്ഞ ഒന്നര വർഷ കാലയളവിൽ മുപ്പത്തിയെട്ട് ലക്ഷത്തിലേറെയാ ളുകൾ കോവിഡ്-19 കാരണം ലോകമെമ്പാടുമായി മരണമടഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ മറ്റിടങ്ങളിൽ നടന്നതായി വായിച്ചറിഞ്ഞ മഹാവ്യാധികളിൽ നിന്ന് വ്യത്യസ്തമായി നാട്ടിലും വീട്ടിലും എത്തിയപ്പോഴായിരിക്കും കുറേപ്പേർ ക്കെങ്കിലും സംഗതി ഗൗരവമുള്ളതാണെന്നു തോന്നിയിട്ടുണ്ടാവുക. അടുത്തിടെ കാറോടിക്കുമ്പോൾ കേട്ടൊരു പോഡ് കാസ്റ്റിൽ, കാനിലും ഓസ്കാറിലും തിളങ്ങിയ ഷൗൾഫിയ ( സൺ ഓഫ് ഷൗൾ) എന്ന സിനിമ യുടെ സംവിധായകൻ, ലാസ്‌ളോ നെമേഷുമായുള്ള ഒരു സംഭാഷണ മുണ്ടായിരുന്നു. അതു കേട്ടുകൊണ്ടിരിക്കുമ്പോൾ ഓർമ്മവന്നത് റേസ്‌ക വൈസിന്റെ ‘ജേണി ത്രൂ ഹെൽ’ എന്ന ഓർമ്മക്കുറിപ്പുകളാണ്. അറുപത് ലക്ഷമാളുകൾ കൊല്ലപ്പെട്ട ഹോളകോസ്റ്റിന്റെ സാക്ഷ്യം.
ഹങ്കറിയിലെ സമ്പന്ന ജൂതകുടുംബത്തിലെ അംഗമായിരുന്ന വൈസിനെ ഭർത്താവിന്റെയും രണ്ട് ആൺ മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെ യും കൂടെ നാസികൾ പിടിച്ചുകൊണ്ടു പോയി. ഔഷ്‌വിറ്റ്സിലെയും മറ്റു കോൺസൻട്രേഷൻ ക്യാംപുകളിലെയും ഹൃദയഭേദകമായ അനുഭവങ്ങ ളാണ് പുസ്തകത്തിലുള്ളത്.
മൃഗങ്ങളെപ്പോലും കയറ്റാനാവാത്ത കമ്പാർട്ടുമെന്റുകളിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോവുന്നതിന്റെയും, ഗ്യാസ് ചേമ്പറുകളിലിട്ട് കത്തിക്കുന്നതിന്റെയും, സ്ത്രീകളെ മഴയത്തും ശൈത്യത്തിലും നഗ്നരാക്കി ക്രൂരമായ ശിക്ഷകൾ നടപ്പാക്കുന്നതിന്റെയും വിവരണങ്ങളുണ്ട്. കച്ചിത്തുറുവിന്റെ ചൂടുപറ്റി എലികളും ചെള്ളും പേനും നിറഞ്ഞ ഓവുചാലിൽ മണിക്കൂറുകളോളം കിടക്കേണ്ടിവന്നതിന്റെയും, രാത്രി, ഇരുട്ടിൽ, തിങ്ങിക്കൂടിയ മുറിയിൽ വസ്ത്രങ്ങളൂരി കുടഞ്ഞു കളയുമ്പോൾ, ഒരാളുടെ കുപ്പായത്തിൽ നിന്ന് മറ്റൊരാളുടെ ദേഹത്ത് പേൻ വീഴുന്നതിനെക്കുറിച്ചുള്ള ബാലിശമായ വഴക്കുകളുണ്ട്. പന്ത്രണ്ട് ദിവസം നീണ്ട ഉന്മൂലന പ്രയാണത്തിൽ സ്ത്രീകൾക്ക് നേരെ പട്ടാളക്കാർ വെടിയുതിർക്കുന്നതിന്റെയും, താൻ തന്നെ കുഴിക്കാൻ സഹായിച്ച വലിയ ശവക്കുഴിയിൽ മറ്റു തടവുകാർക്കൊപ്പം, വെടികൊണ്ട്, ചത്തെന്നു കരുതി നാസികൾ ഉപേക്ഷിച്ച് പോയതിനെക്കുറിച്ചുമുള്ള കരളലിയിക്കുന്ന വർണ്ണനയുമുണ്ട്.
ഒരിക്കൽ കോൺസൻട്രേഷൻ ക്യാംപിൽ മുറിവ് പഴുത്ത തടവുകാരെ ശുശ്രൂഷിക്കുന്നതിനായി ബാൻഡേജ് അന്വേഷിച്ച് ഡോക്ടറുടെ (അവരൊരു ഡെന്റിസ്റ്റായിരുന്നു) കൂടെ കമാൻഡന്റിന്റെ ഓഫീസിൽ ചെല്ലുന്ന ഒരു രംഗമുണ്ട്. കാത്തിരിപ്പ് മുറിയിൽ നിൽക്കുകയാണ്. മുകളിലെ നിലയിൽ നിന്നും കമാൻഡന്റ് ഇറങ്ങി വരുന്നതിന് മുൻപ് ചുറ്റും കണ്ണോടിച്ച വൈസിന് കുടുസുമുറിയിലെ വസ്തുവഹകൾ കണ്ട് അനൽപ്പമായ ഹർഷമുണ്ടാവുകയാണ്.
നീണ്ട്, വീതികുറഞ്ഞ ഒരു മേശയും രണ്ട് കസേരകളുമായിരുന്നു ആ മുറിയിൽ ഉണ്ടായിരുന്നത്. വളരെ നാളുകൾക്കു ശേഷം എന്തെങ്കിലും ഒരു ഫർണിച്ചർ കാണുന്നതെന്നത്തിന്റെ സന്തോഷമായിരുന്നു അത്. ശിശുസഹജമായ കൗതുകത്തോടെ, കുറച്ചു നിമിഷങ്ങളെങ്കിലും, ആ കസേരകളിലൊന്നിൽ ഇരിക്കുവാൻ താൻ അപ്പോഴാഗ്രഹിച്ചുവെന്ന് ഏഴുതിയത് വായിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നുവെന്നതാണ് പുസ്തകത്തെക്കുറിച്ചുള്ള ഒരോർമ്മ. ചുവരിലുള്ള കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ട് വിതുമ്പിക്കരഞ്ഞതിന്റെ ഉള്ളുലയ്ക്കുന്ന വിവരണവും തുടർന്ന് വരുന്നുണ്ട്.
മനുഷ്യൻ സഹജീവികൾക്കുമേൽ കാണിച്ച താരതമ്യമില്ലാത്ത ക്രൂരതയുടെ പ്രമാണമായി എഴുതപ്പെട്ട ഈ പുസ്തകത്തിൽ കൊടും തിന്മയുടെ ചില സംഭവങ്ങളെ രേഖപ്പെടുത്താത്തത് അത് പ്രത്യാശയെ കൈയൊഴിയു ന്നതിനു തുല്യമായിരിക്കുമെന്നതിലാണെന്ന് ആമുഖത്തിലുണ്ട്. ഉയർത്ത പ്പെട്ട സ്മാരകങ്ങളെക്കാൾ ഉജ്ജ്വലമായ സ്മൃതിസ്തൂപങ്ങൾ അതിജീവിച്ച വരുടെ ഓർമ്മകളിലായിരിക്കുമെന്ന നിരീക്ഷണവുമുണ്ട്.
ഷൗൾ ഫിയയുടെ അവസാന രംഗത്തിൽ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടവർ കാട്ടിനുള്ളിൽ പുഴക്കരയിലെ ഷെഡ്ഡിലിരുന്ന് ഭാവിപരിപാടികൾ പ്ലാൻ ചെയ്യുമ്പോൾ ഗ്രാമീണനായ ഒരു കുട്ടി തങ്ങളെ ഒളിഞ്ഞു നോക്കുന്നത് ഷൗൾ കാണുന്നു. സിനിമയിലുടനീളം അധൈര്യത്തോടെ മുഖം കുനിച്ചു നടക്കുന്ന നായകൻ ആദ്യമായി ശിരസ്സുയർത്തുന്നതും മന്ദഹസിക്കുന്ന തും ആ കുട്ടിയോടാണ്. സുപ്രീം പൊയറ്റിക് അട്ടറെൻസ് എന്ന് എഴുത്തു കളെക്കുറിച്ച് പ്രൊഫെസ്സർ എം കൃഷ്‌ണൻ നായർ പറഞ്ഞിട്ടുള്ളത് കടമെ ടുത്താൽ സമാനമായ ഒരു സന്ദർഭമാണ് ആ മന്ദഹാസം!
The post വായനയെ വഴിമാറ്റിയ വൈറസ് appeared first on Indian Express Malayalam.