അഗർത്തല
ത്രിപുരയിൽ കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഖോവയ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. സെപഹിജാല ജില്ലയിലെ സോനമുര സ്വദേശികളായ ജയ്ദ് ഹുസൈൻ (30), ബില്ലാൽ മിയ (28), സൈഫുൽ ഇസ്ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ നാലരയോടെ അഞ്ചു കന്നുകാലികളുമായി പോയ മിനി ട്രക്ക് നമഞ്ജോയ്പാറ ഗ്രാമവാസികൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നോർത്ത് മഹാറാണിപുർ ഗ്രാമത്തിൽവച്ച് മാരകായുധങ്ങളുമായി ആൾക്കൂട്ടം വാഹനം തടഞ്ഞു. പരിക്കേറ്റ രണ്ടുപേര്‍ സംഭവസ്ഥലത്ത് മരിച്ചു. മൂന്നാമനെ മുങ്കിയാകാമി ഗോത്രഗ്രാമത്തിൽവച്ച് പിടികൂടി തല്ലിക്കൊന്നു. പൊലീസെത്തി ഇവരെ സമീപത്തെ ആശുപത്രിയിലും തുടർന്ന് അഗർത്തല മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
ആശുപത്രിയിൽ എത്തിക്കുംമുമ്പ് മൂന്നുപേരും മരിച്ചെന്ന് ഡോക്ടർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും തിരിച്ചറിഞ്ഞിട്ടില്ലാത്തവർക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. ആരെയും പിടികൂടിയിട്ടില്ല.