ന്യൂഡൽഹി
അയോധ്യ മേയർ ഋഷികേശ് ഉപാധ്യായയുടെ അനന്തരവൻ ദീപ് നാരായണൻ ഫെബ്രുവരിയിൽ 20 ലക്ഷത്തിനു വാങ്ങിയ സ്ഥലം മൂന്നു മാസത്തിനുശേഷം രാമക്ഷേത്രട്രസ്റ്റിനു വിറ്റത് 2.5 കോടി രൂപയ്ക്ക്. ദേവേന്ദ്ര പ്രസാദാചാര്യ എന്നയാളിൽനിന്ന് 890 ചതുരശ്ര മീറ്റർ സ്ഥലം 20 ലക്ഷം രൂപയ്ക്കാണ് ബിജെപി പ്രവർത്തകൻകൂടിയായ നാരായണൻ വാങ്ങിയത്. സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയാകട്ടെ 35.6 ലക്ഷം രൂപയും. മെയ് 11നാണ് സ്ഥലം ട്രസ്റ്റിനു വിറ്റത്. രണ്ട് വിൽപനയുടെയും രേഖകളും മെയ് 11നു രണ്ടര കോടി രൂപ ആർടിജിഎസ് വഴി നാരായണനു കൈമാറിയതിന്റെ രേഖയും ‘ന്യൂസ്ലോണ്ട്റി’ വാര്ത്ത പോർട്ടൽ പുറത്തുവിട്ടു. ഫെബ്രുവരി 20നു മറ്റൊരു 676.86 ചതുരശ്ര മീറ്റർ സ്ഥലം നാരായണൻ ഒരു കോടി രൂപയ്ക്ക് രാമക്ഷേത്ര ട്രസ്റ്റിനു വിൽപന നടത്തി.
രാമക്ഷേത്ര ട്രസ്റ്റ് നടത്തുന്ന ഭൂമിഇടപാടുകളിലെ തട്ടിപ്പുകൾ നേരത്തെയും പുറത്തുവന്നിരുന്നു. ഹരീഷ് പഥക്, കുസുമം പഥക് എന്നിവരിൽനിന്ന് മാർച്ച് 18നു രണ്ട് കോടി രൂപയ്ക്ക് സുൽത്താൻ അൻസാരി, രവി മോഹൻ തിവാരി എന്നിവർ വാങ്ങിയ 1.2 ഹെക്ടർ സ്ഥലം അൽപസമയത്തിനുള്ളിൽ രാമക്ഷേത്ര ട്രസ്റ്റിനു 18.5 കോടി രൂപയ്ക്ക് വിറ്റത് കഴിഞ്ഞയാഴ്ച പുറത്തുവന്നു. മേയർ ഉപാധ്യായയുടെ അടുത്ത ബന്ധുവാണ് തിവാരി. ഒട്ടേറെ കേസുകളിൽ പ്രതിയായ ഹരീഷ്, യുപി പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ്. ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അയോധ്യയിൽ എല്ലാവരും തനിക്ക് ബന്ധമുള്ളവരാണെന്നും മേയർ പറഞ്ഞു.