കൊച്ചി
ലക്ഷദ്വീപിനെ കേരള ഹൈക്കോടതി പ്രവർത്തനപരിധിയിൽനിന്ന് മാറ്റി കർണാടക ഹൈക്കോടതിയുടെ കീഴിലാക്കാൻ നീക്കം. കോടതി മാറ്റത്തിന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകി. ജനവിരുദ്ധ ഭരണപരിഷ്കാരങ്ങൾക്കെതിരെ പൊതുതാൽപ്പര്യ ഹർജികൾ ഉൾപ്പെടെയുള്ള കേസുകൾ കേരള ഹൈക്കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. 11 റിട്ട് ഹർജികൾ ഉൾപ്പെടെ 23 ഹർജികൾ കേരള ഹൈക്കോടതിയിലുണ്ട്. ഭക്ഷണവിതരണം സ്തംഭിച്ചതിനും ലക്ഷദ്വീപ് കോടതികളിലെ പബ്ലിക്പ്രോസിക്യൂട്ടർമാരെ മറ്റ് ജോലികളിലേക്കുമാറ്റി കോടതിയുടെ പ്രവർത്തനം സ്തംഭിപ്പിച്ചതിനുമെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദ്വീപ് വികസന അതോറിറ്റി രൂപീകരണം, ഗുണ്ടാ ആക്ട് നടപ്പാക്കൽ, കടൽത്തീരത്ത് മത്സ്യത്തൊഴിലാളികളുടെ താൽക്കാലിക കുടിലുകൾ പൊളിക്കൽ എന്നിവയ്ക്കെതിരെയും ഹൈക്കോടതിയിൽ ഹർജികളുണ്ട്. ആയിഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹകേസിൽ കേരള ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതും അഡ്മിനിസ്ട്രേറ്ററെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഭാഷാപരവും ഭൂമിശാസ്ത്രപരവുമായുമുള്ള തടസ്സമുള്ളതിനാൽ നിയമപരമായ പ്രവർത്തനപരിധി മാറ്റാനുള്ള നീക്കം അത്ര എളുപ്പമാകില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റാണ് നിയമം പാസാക്കേണ്ടത്. ലക്ഷദ്വീപിലെ ഭാഷ മലയാളമാണ്. ദ്വീപിലെ ഒരു ജില്ലാ കോടതിയിലും രണ്ട് മുൻസിഫ് കോടതിയിലും മലയാളത്തിലാണ് കോടതി നടപടികൾ. പൊലീസ് നടപടികളും കേസ് രേഖകളും മലയാളത്തിലാണ്. കന്നഡയിൽ കോടതി നടപടികളാക്കിയാൽ അത് ജനങ്ങൾക്ക് നീതി നിഷേധിക്കലാകും. ദ്വീപിൽനിന്ന് കേരളത്തിലേക്കുള്ളതിന്റെ ഇരട്ടിദൂരം ബംഗ്ലൂരുവിലേക്കുണ്ട്. ഹൈക്കോടതി മാറ്റം നടപ്പാക്കാൻ നിയമപരമായും ഭാഷാപരമായും തടസ്സമുണ്ടെന്നും അത് അനുവദിക്കില്ലെന്നും ലക്ഷദ്വീപിൽനിന്നുള്ള എംപി മുഹമ്മദ് ഫൈസൽ പറഞ്ഞു.