ന്യൂഡൽഹി
കശ്മീർ വിഷയത്തിൽ വ്യാഴാഴ്ച വിളിച്ച രാഷ്ട്രീയകക്ഷികളുടെ യോഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ആലോചിക്കാനാണെന്ന വാർത്തകേന്ദ്ര സർക്കാർ തള്ളി. ലോക്സഭ,- നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി സഹകരിക്കണമെന്ന് അഭ്യർഥിക്കാനാണ് യോഗമെന്നാണ് വിശദീകരണം. ജമ്മു കശ്മീരിലെ എട്ട് രാഷ്ട്രീയകക്ഷിയുടെ 14 നേതാക്കളെയാണ് ക്ഷണിച്ചത്. സർക്കാർ ക്ഷണം സ്വീകരിക്കണോ എന്ന് തീരുമാനിക്കാന് നാഷണൽ കോൺഫറൻസും പിഡിപിയും സിപിഐ എമ്മും ഉൾപ്പെട്ട ഗുപ്കാർ സഖ്യം കക്ഷികൾ ചൊവ്വാഴ്ച യോഗം ചേരും.
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയെ കഴിഞ്ഞവർഷം മണ്ഡല പുനർനിർണയ കമീഷനായി നിയമിച്ചിരുന്നു. ജൂൺ ആദ്യം പുനർനിർണയ നടപടികളിലേക്ക് കമീഷൻ കടന്നു. പ്രധാന കക്ഷികൾ കമീഷനുമായി സഹകരിച്ചില്ല. ഇതിനാലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം ചേരുന്നത്. കേന്ദ്രവുമായി ചർച്ചയ്ക്ക് ഒരുക്കമാണെന്ന് എൻസിയും കോൺഗ്രസും സിപിഐ എമ്മും നേരത്തെ വ്യക്തമാക്കി.ഗുപ്കാർ സഖ്യം യോഗത്തിലെ അഭിപ്രായംകൂടി പരിഗണിച്ചാകും പിഡിപിയുടെ തീരുമാനം.
അതേസമയം, കശ്മീരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇന്ത്യയെ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ ചേരുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ മുഖാമുഖം വരുന്നുണ്ട്.