ബീജിങ്
കോവിഡ് വാക്സിനേഷനിൽ സുപ്രധാന നേട്ടവുമായി ചൈന. ചൈനീസ് ദേശീയ ആരോഗ്യ കമീഷന്റെ കണക്കനുസരിച്ച് 1,01,04,89,000 ഡോസ് വാക്സിനാണ് വെള്ളിയാഴ്ചവരെ കുത്തിവച്ചത്. 100 കോടി ഡോസ് വാക്സിൻ നൽകിയ ലോകത്തെ ആദ്യ രാജ്യമായി ചൈന മാറി. ലോകത്ത് നൽകിയ ആകെ വാക്സിന്റെ 40ശതമാനത്തോളമാണിത്. അമേരിക്കയിലെ വാക്സിനേഷനേക്കാൾ മൂന്ന് മടങ്ങ് അധികം.
140 കോടി ജനങ്ങളുള്ള രാജ്യത്ത് 100 കോടി ഡോസ് വാക്സിൻ നൽകിയത് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ആദ്യ പടിയാണെന്ന് ചൈന വാക്സിൻ വ്യവസായ അസോസിയേഷൻ പ്രസിഡന്റ് ഫെങ് ഡുവോജിയ പറഞ്ഞു. ഈ വർഷാവസാനത്തോടെ 70ശതമാനം പേർക്കും വാക്സിന് നല്കാനാണ്ചൈന ലക്ഷ്യമിടുന്നത്. 18 വയസ്സിന് താഴെയുള്ളവർക്ക് ചൈന കുത്തിവയ്പ് നൽകാൻ തുടങ്ങി. ആഗോളതലത്തിൽ ചൈന ഇതിനോടകം 250 കോടി വാക്സിന് ഡോസ് വിതരണം ചെയ്തു.
ബീജിങ്ങിൽ 80ശതമാനം
ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ ജനസംഖ്യയുടെ 72.4ശതമാനം പേർക്കും കുത്തിവയ്പ് നല്കി. 1.56കോടി പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. പ്രായപൂർത്തിയായവരിൽ 80ശതമാനത്തിനും ബീജിങ്ങിൽ വാക്സിൻ ലഭിച്ചു. ന്യൂയോർക്ക് ജനസംഖ്യയുടെ 46.8ശതമാനം പേർക്കാണ് വാക്സിൻ ലഭിച്ചത്. സിങ്കപ്പുരിൽ 34.9ഉം ലണ്ടനിൽ ഇത് 34.8ശതമാനവും മാത്രം.