ന്യൂഡൽഹി
എല്ലാ കോവിഡ്മരണങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികശേഷിക്ക് താങ്ങാനാകുന്നതിലും അപ്പുറത്തുള്ള ഭാരമാണിതെന്ന് ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞു. മരിച്ചവരുടെ അവകാശികൾക്ക് നാലുലക്ഷം വീതം നല്കണമെന്ന ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
സർക്കാർ
പ്രതിസന്ധിയിലാകും
മഹാമാരിയുടെ കാലത്ത് ആരോഗ്യമേഖലയിലെ ചെലവ് കുതിച്ചു. നികുതിവരുമാനത്തിൽ വൻ ഇടിവുണ്ടായി. എല്ലാ കോവിഡ് മരണങ്ങൾക്കും നഷ്ടപരിഹാരം അനുവദിച്ചാൽ സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ നടപടികൾക്ക് ഫണ്ട് ഇല്ലാതാകും. ആകസ്മിക പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്നും- ആഭ്യന്തരമന്ത്രാലയം 189 പേജുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കോവിഡ് പ്രകൃതിദുരന്തമല്ല
പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ വിതരണം ചെയ്യാറുള്ള സാമ്പത്തികസഹായങ്ങൾ കോവിഡിന് ബാധകമാക്കാനാകില്ല. കോവിഡ് പ്രകൃതിദുരന്തമല്ല. പ്രകൃതിദുരന്തങ്ങൾക്ക് നിശ്ചിതദൈർഘ്യമുണ്ട്. ഓർക്കാപ്പുറത്തുണ്ടായി ഹ്രസ്വമായ സമയത്തിൽ അവസാനിക്കുന്നതാണ് അതിന്റെ ആഘാതം. എന്നാൽ, ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയിലാണ് കോവിഡ് തരംഗങ്ങൾ ഉണ്ടാകുന്നത്. നിരവധി മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കും. നീണ്ടുനിൽക്കുന്ന രോഗത്തിനോ ദുരന്തത്തിനോ സഹായം നൽകുന്ന കീഴ്വഴക്കമില്ല.
സഹായവിതരണത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ദേശീയ അതോറിറ്റിയാണ്. കോടതികൾക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും- കേന്ദ്രം വാദിച്ചു.
ഹർജിയും സത്യവാങ്മൂലവും സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.