ന്യൂഡൽഹി> ദിശാബോധമില്ലാതെ അലയുന്ന കോൺഗ്രസിന് കൂടുതൽ ക്ഷതമേൽപ്പിച്ച് സംസ്ഥാന ഘടകങ്ങളിലെ ഉൾപ്പോര്. ഭരണത്തിലുള്ള പഞ്ചാബിലും രാജസ്ഥാനിലും പ്രമുഖ നേതാക്കൾ മുഖ്യമന്ത്രിമാർക്കെതിരെ രംഗത്തുവന്നു. കോൺഗ്രസ് ദുർബലമായ സംസ്ഥാനങ്ങളിൽ നേതാക്കൾ ദിനംപ്രതി മറുകണ്ടംചാടൽ തുടരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം കത്തെഴുതിയ നേതാക്കൾക്ക് തൃപ്തികരമായ മറുപടി നൽകാൻ ഹൈക്കമാൻഡിന് ഇനിയും കഴിഞ്ഞിട്ടില്ല. കത്തെഴുതിയ കൂട്ടത്തിലുണ്ടായിരുന്ന ജിതിൻ പ്രസാദ ബിജെപിയിലേക്ക് പോയി.
അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കേണ്ട പഞ്ചാബില് കോൺഗ്രസ് കടുത്ത പ്രതിസന്ധിയില്. മുഖ്യമന്ത്രി അമരീന്ദർ സിങ് ഒറ്റപ്പെട്ട നിലയില്. മുഖ്യമന്ത്രിയുടെ എതിരാളികളായ നവജ്യോത് സിദ്ദു, പ്രതാപ് സിങ് ബജ്വ, രജീന്ദർകൗർ ഭട്ടാൽ എന്നിവർ അധികാരത്തിലും പിസിസി പദവികളിലും പങ്ക് ആവശ്യപ്പെട്ട് ഒന്നിച്ചിരിക്കുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരം മല്ലികാർജുൻ ഖാർഗെ, ഹരീഷ് റാവത്ത്, ജെ പി അഗർവാൾ എന്നിവരടങ്ങുന്ന സംഘം സംസ്ഥാനത്തെത്തി എംഎൽഎമാരെയും മന്ത്രിമാരെയും കണ്ടു. അമരീന്ദറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടി.
രാജസ്ഥാൻ സർക്കാർ കഴിഞ്ഞവർഷം അട്ടിമറിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും വിമതകലാപത്തിന് നേതൃത്വംനൽകിയ സച്ചിൻ പൈലറ്റ് പോരാട്ടം തുടരുന്നു. അന്ന് ഹൈക്കമാൻഡ് നൽകിയ ഉറപ്പ് 10 മാസമായിട്ടും പാലിച്ചിട്ടില്ല. പൈലറ്റ് പക്ഷക്കാരായ എംഎൽഎമാരുടെ ഫോൺ സർക്കാർ ചോർത്തുന്നതായും ആക്ഷേപമുണ്ട്.
മന്ത്രിസഭാ പുനഃസംഘടനയെന്ന ആവശ്യം രണ്ടു മാസത്തേക്ക് ചർച്ച ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഗെലോട്ട്. വസുന്ധരരാജെ സിന്ധ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ബിജെപിക്ക് താൽപ്പര്യമില്ലാത്തതാണ് തൽക്കാലം ഗെലോട്ട് സർക്കാരിന്റെ നിലനിൽപ്പിന് അടിസ്ഥാനം.
ബിഹാർ, അസം, കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളില് കോൺഗ്രസിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. പൂർണസമയ അധ്യക്ഷനെ നിയോഗിക്കാൻ പോലും കഴിയാത്ത കോണ്ഗ്രസില് ആരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നതിൽപ്പോലും ഉത്തരവാദിത്തമില്ലാത്ത അവസ്ഥ.