ന്യൂഡൽഹി> സാമൂഹ്യമാധ്യമങ്ങല്ക്ക് കൂച്ചുവിലങ്ങിടുന്ന ഇന്ത്യയിലെ പുതിയ ഐടി ചട്ടം മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎൻ). ഇതുസംബന്ധിച്ച് വിദഗ്ധരുടെ പ്രതികരണം യുഎൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൗരാവകാശങ്ങളും രാഷ്ട്രീയഅവകാശങ്ങളും സംരക്ഷിക്കാനുള്ള രാജ്യാന്തര പ്രഖ്യാപനത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല ഇന്ത്യയിലെ പുതിയ ചട്ടങ്ങളെന്ന് യുഎൻ ചൂണ്ടിക്കാട്ടി.
പല കാര്യങ്ങൾക്കും വ്യക്തമായ നിർവചനമില്ലാത്തത് ചട്ടങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിനും കാരണമാകാം. സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കാനും നീക്കംചെയ്യാനും കമ്പനികളെ ബാധ്യസ്ഥരാക്കുന്ന ചട്ടം അഭിപ്രായപ്രകടന സ്വാതന്ത്ര്യം അട്ടിമറിക്കും. സ്വകാര്യത ഹനിക്കപ്പെടാനും ഇടയാക്കും. വിശദമായ പുനഃപരിശോധനയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാകണം. ഇതേപ്പറ്റി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്നും യുഎൻ വിദഗ്ധർ ആവശ്യപ്പെട്ടു.
അതേസമയം, 2018 മുതൽ നടത്തിയ ചർച്ചകളുടെ ഫലമായാണ് ചട്ടങ്ങൾക്ക് രൂപംനൽകിയതെന്ന് കേന്ദ്രം പ്രതികരിച്ചു.
യുഎൻ പ്രത്യേക പ്രതിനിധികളായ ജോസഫ് കണട്ടാച്ചി(സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം), ഐറിൻ ഖാൻ(അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണം), ക്ലമന്റ് യെൻലെറ്റ്സോസി വൂൾ(സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം) എന്നിവർ ചേർന്നാണ് പ്രതികരണം തയ്യാറാക്കിയത്.