ന്യൂഡൽഹി
സെൻസറിങ് സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ പിടിമുറുക്കാൻ കേന്ദ്രനീക്കം. പരാതി ഉയർന്നാൽ സെന്സര്ചെയ്ത സിനിമകളും പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥകളോടെയുള്ള സിനിമാട്ടോഗ്രാഫ് (ഭേദഗതി) കരട് നിര്ദേശം ഇറക്കി. പൊതുപ്രദർശനത്തിന് അനുയോജ്യമെന്ന് സർട്ടിഫിക്കറ്റ് കിട്ടിയ സിനിമകൾക്കെതിരെ പരാതികൾ ഉയർന്നാൽ അത് പുനഃപരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഉപവകുപ്പാണ് കരടുബില്ലിലുള്ളത്. കലാസൃഷ്ടികളെ അതിരുകവിഞ്ഞ സെൻസറിങ്ങിന് വിധേയമാക്കുന്ന നടപടിയാണ് ഇതെന്ന് വിമർശമുയർന്നു.
1952ലെ സിനിമാട്ടോഗ്രാഫ് നിയമം ആറാം വകുപ്പുപ്രകാരം പരാതികൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകിയ നടപടിക്രമങ്ങളുടെ രേഖകൾ തേടാൻ സർക്കാരിന് അധികാരമുണ്ട്.ബോർഡിന്റെ നടപടിയിൽ പാളിച്ചകളുണ്ടെന്ന് ബോധ്യപ്പെട്ടാൽ തീരുമാനം പിൻവലിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് ഈ വകുപ്പിന്റെ അർഥമെന്ന് അധികൃതർ വ്യാഖ്യാനിക്കുന്നു. എന്നാൽ, സർട്ടിഫിക്കറ്റ് അനുവദിച്ച ചിത്രങ്ങൾ പുനഃപരിശോധിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് 2000 നവംബറിൽ കർണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പിന്നീട് സുപ്രീംകോടതിയും കർണാടക ഹൈക്കോടതി ഉത്തരവ് ശരിവച്ചു. ഈ പശ്ചാത്തലത്തിലാണ് നിയമഭേദഗതി കരടുബില്ലിൽ ‘പുനഃപരിശോധന അധികാരം’ പുനഃസ്ഥാപിക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്.
സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന കുറ്റവാളികൾക്ക് തടവും പിഴയും ഉറപ്പാക്കാനും വയസ്സ് അടിസ്ഥാനത്തിൽ പ്രദർശന സർട്ടിഫിക്കറ്റ് അനുവദിക്കാനുമുള്ള വ്യവസ്ഥകൾകൂടി കരടുബില്ലിൽ ഉൾപ്പെടുത്തി. സിനിമകൾക്ക് അനുവദിക്കാറുള്ള യു/എ സർട്ടിഫിക്കറ്റ് വയസ്സ് അനുസരിച്ച് വീണ്ടും വർഗീകരിക്കാനാണ് ആലോചന. കരടുബില്ലിൽ കേന്ദ്ര സർക്കാർ പൊതുജനാഭിപ്രായം തേടി.