ന്യൂഡൽഹി> രണ്ടര മാസത്തിനുശേഷം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് ബാധിതർ റിപ്പോർട്ടുചെയ്യപ്പെടുന്ന രാജ്യമെന്ന സ്ഥാനത്തേക്ക് ഇന്ത്യയെ പിന്തള്ളി ബ്രസീലെത്തി. പ്രതിദിന മരണങ്ങളും നിലവിൽ കൂടുതൽ ബ്രസീലിലാണ്.
ഇന്ത്യയിൽ 24 മണിക്കൂറിൽ 60,753 രോഗികളും 1587 മരണവും റിപ്പോർട്ടുചെയ്യപ്പെട്ടപ്പോൾ ബ്രസീലിൽ 98,135 ഉം 2449 ഉം ആണ്. രണ്ടാം തരംഗത്തിൽ ഏപ്രിൽമുതൽ കൂടുതൽ രോഗികളും മരണവും ഇന്ത്യയിലായിരുന്നു.
നിലവിൽ ചികിത്സയിലുള്ളവർ 7.60 ലക്ഷം. 74 ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്. 97743 പേർ കൂടി രോഗമുക്തരായി. ആകെ രോഗികൾ 2.98 കോടി, മരണം 3.8 ലക്ഷം. കൂടുതൽ മരണം തമിഴ്നാട്ടിലാണ്–- 287.
മഹാരാഷ്ട്രയിൽ 648 മരണ, ഇതിൽ 450 എണ്ണം നേരത്തെ റിപ്പോർട്ടുചെയ്യപ്പെടാതെ പോയവ.
കർണാടകയിൽ 168 മരണം വാക്സിൻ കുത്തിവയ്പുകൾ 27.24 കോടിയിലെത്തി. മെയ്–- ജൂൺ കാലയളവിൽ കുത്തിവയ്പുകളിൽ 53 ശതമാനവും ഗ്രാമീണ മേഖലയിലാണെന്ന് കേന്ദ്രം അറിയിച്ചു.