ന്യൂഡൽഹി> പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കിയശേഷമുള്ള ജമ്മു -കശ്മീരിലെ സ്ഥിതി ചർച്ചചെയ്യാന് കേന്ദ്രം വ്യാഴാഴ്ച സർവകക്ഷി യോഗം വിളിക്കും. കശ്മീരിലെയും ജമ്മുവിലെയും പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർടികളെയും ക്ഷണിക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ജമ്മുവിൽനിന്നും കശ്മീരിൽനിന്നുമുള്ള 16 പാർടികൾക്ക് ക്ഷണമുണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലാകും യോഗം. സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, നിയമസഭാ തെരഞ്ഞെടുപ്പ് നടത്തൽ തുടങ്ങിയവ യോഗം ചർച്ചചെയ്തേക്കും. കശ്മീർ സ്ഥിതി വിലയിരുത്താന് വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ യോഗം ചേർന്നു.
സർവകക്ഷി യോഗത്തിലേക്ക് അനൗദ്യോഗിക ക്ഷണം ലഭിച്ചെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. ചർച്ചയ്ക്ക് വിളിച്ചാൽ പോകുമെന്ന് ഗുപ്കാർ സഖ്യത്തിന്റെ തലവൻകൂടിയായ എൻസി നേതാവ് ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
2019 ആഗസ്തിലാണ് ജമ്മു -കശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി മോഡി സർക്കാർ റദ്ദാക്കിയത്.
വലിയ പ്രതിഷേധം ഉയർന്നതോടെ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ, സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. പ്രത്യേക പദവി എടുത്തുകളഞ്ഞത് അടക്കമുള്ള നടപടി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണനയിലാണ്.