പെട്ടെന്നാണ് അത് സംഭവിച്ചത്. ലോകത്തിന്റെ വാതിൽ ആരോ പെട്ടെന്ന് വലിച്ചടച്ചപോലെ . ആളുകളും ഒച്ചകളും തെരുവിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോയി. നിശബ്ദത വലിയ പുസ്തകം പോലെ അല്ലെങ്കിൽ വലിയ നോവൽ പോലെ ദുരൂഹമായ പുതിയ ലോകകഥയുടെ താളുകൾ മറിക്കാൻ തുടങ്ങി. പ്രധാനമന്ത്രിയുടെ ശബ്ദം വലിയ മുഴക്കത്തോടെയാണ് എന്റെ ചെവിയിൽ വീണത്. മാർച്ചിലെ ഒരു പകൽ. നാളെ മുതൽ രാജ്യം താഴിട്ടു പൂട്ടുന്നു. വീട് കുറച്ചുനേരം നിശബ്ദമായി. ടിവി കണ്ടിരുന്ന സോഫയിൽ നിന്നും എഴുന്നേറ്റ് വായന മുറിയിൽ ഞാൻ അഭയം തേടി. നിശബ്ദമായി പുസ്തകങ്ങൾ എന്നെ നോക്കി ചിരിച്ചു. ഏതു മഹാവിപത്തിലും ആശ്വാസം തേടി നീ ഇവിടെ യെത്തും എന്നു പറയാതെ പറയുന്ന പോലെ.
‘ഏകാന്തതയുടെ നൂറ് വർഷങ്ങളി’ലിരുന്ന് മാർക്കേസ് ‘മക്കൊണ്ടോ’യിലേക്ക് ക്ഷണിച്ചു. ഒരിക്കൽ പോയി വന്നതാണ് ബനാനാ ഫാക്ടറിയും മഞ്ഞ ചിത്രശലഭങ്ങളുമുള്ള നാട്ടിൽ. ഏകാന്തതയോടു തൊട്ടു ചേർന്നിരിപ്പുണ്ട് എം ടി യുടെ ‘മഞ്ഞ്’. കുട്ടികളെല്ലാം അവധിക്ക് പോയപ്പോൾ ഹോസ്റ്റലിൽ ഒറ്റപ്പെട്ട വിമല ടീച്ചർ മൃദുവായി പറയുന്നു. “നിനക്കിപ്പോൾ മനസ്സിലായില്ലേ ഏകാന്തതയുടെ ഭാരം. ഷാൾ പുതച്ച് മരക്കൂട്ടങ്ങൾക്കിടയിലൂടെ വിമല ടീച്ചർ തടാക തീരത്തേക്ക് നടന്നു.
പോരുന്നോ.
നിശബ്ദം യാത്രാമൊഴി.
അള്ളാപ്പിച്ച മൊല്ലാക്കയുടെ വാങ്കുവിളിയാണ് പെട്ടെന്ന് നിശബ്ദതയെ ഭേദിച്ചത്. ചെതലിയുടെ താഴ്‌വര ഒന്നാകെ ആരാധനയ്ക്കായുള്ള ആ ക്ഷണം പ്രതിധ്വനിച്ചു. അങ്ങനെ വായനാമുറിയിലെ പുസ്തകങ്ങളിൽ പലതും എന്നെ ക്ഷണിക്കുന്നു. താഴിട്ടു പൂട്ടിയ രാജ്യത്തിരുന്ന് ഞാൻ വായിച്ചു തുടങ്ങി.
ഇസബൽ അലിൻഡെയുടെ കൈപിടിച്ച് ഞാൻ യാത്ര തുടങ്ങി.
ലാറ്റിനമേരിക്കൻ നോവൽ സാഹിത്യം വായിക്കുമ്പോൾ ഏറ്റവും ആദരം തോന്നിയ എഴുത്തുകാരിയാണ് ഇസബൽ അലൻഡെ. ഒരു തരത്തിൽ മാർക്കേസിനേക്കാൾ ഉയരത്തിൽ ഞാൻ ഇസബല്ലിനെ പ്രതിഷ്ഠിക്കും . ചരിത്രം അതിപ്പം കുടുംബ ചരിത്രമായാലും രാജ്യചരിത്രമായാലും കയ്യിലെ വെറും പൊടി പോലെയാണ് എഴുതി നിറയ്ക്കുന്നത്.
അസാധാരണമായ രചനാ വൈഭവം മാത്രമല്ല അത്രയ്ക്ക് വലിയ output കൂടി ഈ എഴുത്തുകാരിക്കുണ്ട്. പത്ത് നൂറ്റാണ്ട് കണ്ട ആളെ പോലെയാണ് എഴുതുന്നത്. ആൺകോയ്മയുടെ ഉരുക്ക് ചട്ടയുള്ള കുടുംബം, രാജ്യം , രാഷ്ട്രീയം എന്നിവയെ ഭേദിക്കുന്ന കരുത്തരായ സ്ത്രീകളാണ് ഇസബല്ലിന്റെ പെണ്ണുങ്ങൾ.
പിന്നീട് ശ്രീലങ്കയിലേക്കായിരുന്നു യാത്ര. എൽ ടി ടി ഇ യാണ് ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ചത് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. രാജീവ് ഗാന്ധിയുടെ ദാരുണ മരണവും അതിനു ശേഷമുണ്ടായ കോൺഗ്രസിന്റെ പതനവും സൂക്ഷ്മമായി പഠിക്കുന്ന രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഇത് മനസ്സിലാക്കാം. ഇന്ത്യയുമായി വിശിഷ്യ കേരളവുമായി അടുത്ത ബന്ധമുള്ള ശ്രീലങ്കയുടെ രാഷ്ട്രീയ ജീവിത സാഹചര്യങ്ങൾ എന്നും പിന്തുടരാൻ ഇഷ്ടമാണ്. പുലികളുടെ വളർച്ചയും തളർച്ചയും ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി. സിംഹള പട്ടാളം നടത്തിയ നരനായാട്ടിനു തുല്യം മറ്റൊന്നുമില്ല. പുലികളെ തകർക്കാൻ പട്ടാളം നുണക്കഥകൾ മെനഞ്ഞു.
ക്രൂരതയുടെ കാര്യത്തിൽ പുലികളും മുന്നിട്ടു നിന്നു. പ്രഭാകരൻ ഇന്നും മരിച്ചിട്ടില്ല എന്നു വിശ്വസിക്കുന്ന പുലികൾ. കരുണ എന്ന എൽടി ടി ഇ തലവൻ സിംഹള മന്ത്രിസഭയിൽ അംഗമായി. ലങ്കയിലെ മലയാളികൾ ചാരായവും, തോട്ടവും കൊപ്രയും കച്ചവടവും ചെയ്ത് അതിസമ്പന്നരായ കഥ. മലയാളികൾ ലങ്കയിൽ പത്രം വരെ നടത്തിയിരുന്നു. ഇന്നും പുലികളെ പറ്റി ഉറക്കെ സംസാരിക്കാൻ ഭയക്കുന്ന പൊതുജനം. പട്ടാളത്തിന്റെ ചെവി ചുറ്റിലുമുണ്ട്. പത്രപ്രവർത്തകൻ അനിൽകുമാർ എവിയുടെ ഈ യാത്രാ – രാഷ്ട്രീയ ചരിത്ര പുസ്തകം ഗംഭീര വായനയാണ്.
ഇതിനിടയിൽ ഇംഗ്ലണ്ടിലെ ഗ്രാമങ്ങളിലൂടെ കുതിരവണ്ടിയിൽ പോയി. ഇംഗ്ലണ്ടിലെ ജിപ്സികളായ റൊമനികളെക്കുറിച്ചുള്ള ഈ രസകരമായ കൃതി. യാത്രാവിവരണമായും ആത്മകഥയും പാതകളുടെ സങ്കീർത്തനമായും ഈ പുസ്തകം വായിക്കാം . റൊമാനികൾ നാടോടികളാണ് കുതിര വണ്ടി വീടുകളിലാണ് ഇവരുടെ താമസം. ഇംഗ്ലീഷ് ഗ്രാമവീഥികളിലൂടെ അലഞ്ഞ് തിരിയുന്നതിലാണ് ഇവർക്ക് കമ്പം. ഒരു പ്രത്യേക ഗോത്രവിഭാഗം പോലെയാണ് ഇവരെ പരിഗണിക്കുന്നത്. വഴിയിൽ തീ കൂട്ടി പാചകം, നീർ പൊയ്കകളിൽ കുളിയും അലക്കും പ്രകൃതിയുടെ മടിത്തട്ടിൽ പ്രണയം. കുതിര വണ്ടിയിൽ ഉറക്കം. തീറ്റയും കുടിയും കുതിര വീട്ടിൽ. മെയറും പോണിയും സതീർത്ഥ്യർ. ഇവർ കൂട്ടമായാണ് യാത്ര ചെയ്യുന്നത്. അവരുടേതായ ആചാരങ്ങളും വിശേഷങ്ങളുമുണ്ട്. മിക്കവാറും കസിൻസ് തമ്മിൽ വിവാഹം കഴിക്കും. പുറത്ത് നിന്ന് കല്യാണമില്ല. ഒഴിഞ്ഞ സ്ഥലങ്ങളിലെ പ്രേത സാമീപ്യം മണത്തറിഞ്ഞാൽ അവിടെ നിന്ന് പായും. കുതിര വീടിന് തകരാറ് വരുന്നതാണ് വിഷമിപ്പിക്കുന്ന കാര്യം.
ആണും പെണ്ണും എല്ലാ പണികളും ചെയ്യും. സുന്ദരികളും കരുത്തരുമാണ് പെണ്ണുങ്ങൾ. റൊമനിക്കുട്ടികൾ നല്ല വികൃതികളാണ്. കാര്യശേഷിയിൽ മുൻപിൽ. ഭൂമിയിൽ സ്ഥലം സ്വന്തമാക്കുന്നതിന് എതിരാണ് റൊമനികളുടെ ഫിലോസഫി. ഒന്നോ രണ്ടോ ആഴ്ച ഇഷ്ടപ്പെട്ട ഇടത്ത് തങ്ങി കൂടും കുടുക്കയുമായി യാത്ര തുടരും. ആംഗ്ളോ-സാക്സൺ കാലഘട്ടത്തിലെ കട്ട ലോക്കൽ ഡയലക്ടിലാണ് ഇവരുടെ ‘വർത്താനം’.
വീടകങ്ങളിൽ നായകളെപ്പോലെ കെട്ടിയിടപ്പെട്ട് വളരുന്ന മനുഷ്യരെ സഹതാപത്തോടെയാണ് റൊമനികൾ നോക്കിക്കാണുന്നത്. സ്കൂളുകൾ വർജ്യം. സമൂഹത്തിന് വട്ടാണെന്നാണ് റൊമനികളുടെ പക്ഷം. ചന്തകൾ, കാർണിവലുകൾ തോറും അലയും. അത്യാവശ്യം കയ്യാങ്കളിയും തെരുവ് വിദ്യകളും അറിയാം. ചെലവിന് ചെറിയ സർക്കസ് പരിപാടികളൊക്കെ കുഞ്ഞുകുട്ടി കുടുംബമായി കാണിക്കും. സംഗതി ഏറ്റാ പിന്നെ രണ്ടു മാസം പണിയെടുക്കില്ല. കുതിരയോട്ടമാവും. ജനനം മരണം എല്ലാം പാതയിൽ. അപകടം പിടിച്ച പാതകൾ മാത്രമാണ് ഭയം.
ഒരു കുതിര വണ്ടിയിൽ കൊള്ളുന്നത് മാത്രമാണ് സമ്പാദ്യം. പക്ഷെ റൊമനി പറയും, സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സമ്പാദ്യം
അത് കഴിഞ്ഞ് തൊട്ട് അയൽപക്കമായ തമിഴ്‌നാട്ടിലേക്കായി യാത്ര. തമിഴ് ചെറുകഥയിലെ ഏറ്റവും ശക്തനായ കഥാകൃത്ത് കി. രാജനാരായണൻ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. ഗ്രാമീണനാണ്. കർഷകനാണ്. ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. തമിഴിൽ കരിശൽ കാട്ടുകഥകൾ എന്ന നാടോടി വഴക്കമുള്ള കഥ പറച്ചിൽ തുടങ്ങി വെച്ചു അദ്ദേഹം. ഗോപല്ലപുരത്തെ ജനങ്ങൾ എന്ന നോവലാണ് ആദ്യം വായിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിലെ അത്യന്തം ലളിതമായ ഗ്രാമജീവിതത്തെ ബ്രീട്ടീഷ് ഭരണം എങ്ങനെ മാറ്റിമറിച്ചു എന്നതാണ് നോവൽ പറയുന്നത്. 30 ൽ അധികം പുസ്തകങ്ങൾ കിരാ രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിന് ലഭിച്ചു. കതൈ ചൊല്ലി എന്നൊരു മാസിക നടത്തിയിരുന്നു. ഒരിക്കൽ ജയമോഹനോട് സംസാരിച്ചപ്പോൾ അങ്ങോർ പെരിയ റെറ്റർ എന്നു പറഞ്ഞു. കസേര, ഗോമതി എന്നി കഥകളും എനിക്ക് പ്രിയങ്കരം.
അതിനു ശേഷം കത്രീന ചുഴലിക്കാറ്റ് വീശിയ അമേരിക്കയിലെ മിസിസിപ്പി നദീ തീരത്തൂടെ സഞ്ചരിച്ചു
2005 ലെ കത്രീന ചുഴലിക്കാറ്റിൽ പെട്ട ആഫ്രോ – അമേരിക്കൻ കുടുംബത്തിന്റെ കഥ പറയുന്ന ഈ നോവൽ സത്യത്തിൽ അമ്പരിപ്പിച്ചു കളഞ്ഞു. യുവ എഴുത്തുകാരിയായ ജെസ്മൻ വാർഡിന് നാഷണൽ ബുക്ക് അവാർഡ് നേടിക്കൊടുത്ത നോവൽ ഈഷ്ച് എന്ന കൗമാരക്കാരിയുടെ ജീവിതത്തെ പിടിച്ചു കുലുക്കിയ ചുഴലിക്കാറ്റിന്റെ കഥയാണ് പറയുന്നത്. നോവലിലെ കാലം 12 ദിവസമാണ്. ടി വിയിൽ കത്രീന ചുഴലിക്കാറ്റിന്റെ അറിയിപ്പ് വരുന്ന ദിവസമാണ് താൻ ഗർഭിണിയാണെന്ന കാര്യം ഈഷ്ച് അറിയുന്നത്. അമ്മയില്ലാത്ത കുടുംബത്തിൽ മൂന്ന് സഹോദരന്മാർക്കും മദ്യപാനിയായ അപ്പനുമൊത്താണ് പെൺകുട്ടിയുടെ താമസം. ബേസ് ബോൾ പ്ലയറായ കാമുകൻ ചതിച്ച് പോകുന്നതോടെ അകത്തും പുറത്തും കൊടുങ്കാറ്റിനെ നേരിടുകയാണ് പെൺകുട്ടി. മിസ്സിസിപ്പി തീരത്താണ് ഇവർ താമസിക്കുന്നത്. അറിയിപ്പു പോലെ കൊടുങ്കാറ്റ് വന്നെത്തി. വീട്ടിൽ ആണുങ്ങളല്ലാതെ അവളെ സഹായിക്കാൻ മറ്റാരുമില്ല . ഇതിനിടയിൽ ഇളയവന്റെ വളർത്തുനായയെ വെള്ളപ്പൊക്കം കൊണ്ടുപോകുന്നു. വീട്ടിൽ ആവശ്യത്തിന് ഭക്ഷണമില്ല. പുതു ജീവനും ജീവിതത്തിനുമിടയിലെ കത്രീന കൊടുങ്കാറ്റിന്റെ 12 ദിവസങ്ങൾ കടന്നുപോവുന്ന കൗമാരക്കാരിയുടെ കഥപറയുകയാണ് നോവൽ.
കൊറോണയുടെ ആ നിശബ്ദ ദിനങ്ങളിലാണ് മധ്യകാല ചൈനീസ് വായിച്ചതും പരിഭാഷപ്പെടുത്തിയതും ആ വിവർത്തനത്തോടെ ഈ യാത്ര അവസാനിപ്പിക്കാം
ചില ചൈനീസ് കവിതകൾ
ഇരുപത് വത്സരങ്ങൾ ഒരു സ്വപ്നം കണക്കെ കടന്നു പോയി,…
ഹാ.. എന്തത്ഭുതം എന്നിട്ടും നാമൊന്നിച്ച് ഇവിടെ
( ചെൻ യുവി, ‘സോങ്ങ് ഡൈനാസ്റ്റി കവി)
പടിഞ്ഞാറെ ജാലകം വഴി വരുന്ന കാറ്റിൽ മെഴുകുതിരിയണച്ച്
മൗണ്ട് ബായിൽ പെയ്യുന്ന മഴയെപ്പറ്റി നാമിനി എന്ന് സംസാരിക്കും
( ലി ഷാൻ ജയിൻ)
നിന്റെ തിളങ്ങുന്ന വൈഡൂര്യക്കല്ലുകൾ
തിളങ്ങുന്ന ‘കണ്ണീരോടെ തിരികെ നൽകുമ്പോൾ
ഞാൻ പറഞ്ഞു
ദൈവമേ വിവാഹിതനാവും മുൻപ്
ഞാൻ നിന്നെ കണ്ടിരുന്നെങ്കിൽ
( സാങ്ങ് ജി)
മദോന്മത്തനായ ഞാൻ
ഈ രാവിൽ
എന്നെ ‘ എവിടെ കണ്ടെത്തും
നദിയോരത്ത് വില്ലോ മരങ്ങൾ’ ഉരഞ്ഞ് കരയുന്നു
നിലാവ് മാഞ്ഞ് പുതിയ പുലരി വരുന്നു
വർഷങ്ങൾ പോകവെ
ഞാൻ നിന്നിൽ നിന്നും വളരെ അകലെയാണ്.
പക്ഷെ ഈ സൗന്ദര്യ ദൃശ്യങ്ങളെക്കുറിച്ച്
ഞാനാരോട് സംസാരിക്കും
ദിവസേന സുന്ദരമാകുന്ന ഈ പ്രകൃതി ദൃശ്യങ്ങളെക്കുറിച്ച്…
( ലിയു യോങ്ങ്
സോങ്ങ് ‘ ഡൈനാസ്റ്റി കവി)
ലുയാങ്ങിലെ ചാർച്ചക്കാരും കൂട്ടുകാരും എന്നെ ആരായുകയാണെങ്കിൽ
ഒരു ഹിമകണമെന്നും
ഒരു പൂപ്പാത്രമെന്നും പറയു
( വാങ്ങ്. ചാങ്‌ലിങ്)
The post കോവിഡ് കാലത്തെ വാക്ക് വഴികൾ appeared first on Indian Express Malayalam.