ന്യൂഡൽഹി
കോവിഡിന്റെ മൂന്നാംതരംഗത്തെ നേരിടാൻ അടിയന്തര നടപടികളിലേക്ക് ഇന്ത്യ കടക്കണമെന്ന് വിദഗ്ധര്. ഇന്ത്യ ഈ ഘട്ടത്തില് സ്വീകരിക്കേണ്ട എട്ട് നിര്ദേശം വിഖ്യാത വൈദ്യശാസ്ത്ര ജേര്ണലായ ലാൻസറ്റില് 21 വിദഗ്ധർ മുന്നോട്ടുവച്ചു. അവശ്യ ആരോഗ്യ സേവനങ്ങളുടെ വികേന്ദ്രീകരണമാണ് ഏറ്റവും പ്രധാനം. കേന്ദ്രീകൃത സമീപനം ഈ ഘട്ടത്തില് യോജിക്കില്ലെന്ന് കിരൺ മജുംദാർ ഷാ, ഡോ. ദേവി ഷെട്ടി എന്നിവരടക്കമുള്ള പ്രമുഖർ ചൂണ്ടിക്കാട്ടി.
മറ്റ് നിർദേശങ്ങൾ:
സുതാര്യ വിലനിർണയ രീതി ആവിഷ്കരിക്കണം. ആംബുലൻസുകൾ, ഓക്സിജൻ, അവശ്യമരുന്നുകൾ, ചികിത്സാ ചെലവ് എന്നിവയ്ക്കെല്ലാം കൃത്യമായ വില നിയന്ത്രണം. തെളിവുകളുടെ പിന്ബലമുള്ള കോവിഡ് ചികിത്സാരീതി പ്രചരിപ്പിക്കണം. വീട്ടുചികിത്സ, പ്രാഥമിക ചികിത്സ, ജില്ലാ ആശുപത്രിതലചികിത്സ തുടങ്ങിയവയില് യോജ്യമായ അന്താരാഷ്ട്ര മാർഗനിർദേശം പ്രാദേശിക സാഹചര്യങ്ങളെ ഉൾക്കൊള്ളുംവിധം പ്രാദേശിക ഭാഷകളിൽ പ്രചരിപ്പിക്കണം.
സ്വകാര്യ മേഖലയടക്കം ആരോഗ്യമേഖലയിലെ ലഭ്യമായ എല്ലാ മനുഷ്യവിഭവ ശേഷിയും കോവിഡ് പ്രതിരോധത്തിന് അണിനിരത്തണം. വാക്സിൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന് മുൻഗണനാ വിഭാഗങ്ങളെ സംസ്ഥാനങ്ങൾ കൃത്യമായി കണ്ടെത്തണം. കുത്തിവയ്പ് വിപുലമാക്കണം. വാക്സിനേഷൻ വിപണി സംവിധാനങ്ങൾക്ക് വിട്ടുകൊടുക്കരുത്. രോഗവ്യാപനം മുൻകൂട്ടി കണ്ട് തയ്യാറെടുപ്പ് നടത്താന് വിവരശേഖരണത്തിൽ സുതാര്യതയുണ്ടാകണം. അസംഘടിത തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കണം. എല്ലാ ജീവനക്കാരെയും നിലനിർത്തണം. ജീവനക്കാരെ നിലനിർത്താൻ തയ്യാറാകുന്ന സ്ഥാപനങ്ങൾക്ക് സമ്പദ്വ്യവസ്ഥ സജീവമാകുമ്പോൾ നഷ്ടപരിഹാരം നൽകുമെന്ന സർക്കാർ ഉറപ്പ് നൽകണം.
ഒക്ടോബറോടെ
മൂന്നാം വ്യാപനമെന്ന് വിദഗ്ധർ
ഇന്ത്യയിൽ ഒക്ടോബറോടെ കോവിഡ് മൂന്നാം വ്യാപനമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രണ്ടാം വ്യാപനത്തേക്കാൾ മെച്ചപ്പെട്ട നിലയിൽ മൂന്നാം വ്യാപനത്തെ പ്രതിരോധിക്കാമെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അടക്കം നാൽപ്പതോളം ആരോഗ്യ വിദഗ്ധർ റോയിട്ടേഴ്സ് വാർത്താഏജൻസിയോട് പറഞ്ഞു. ഇന്ത്യയിൽ കുറഞ്ഞത് ഒരു വർഷംകൂടി കോവിഡ് ആശങ്ക തുടരും. പ്രതികരിച്ചവരിൽ 85 ശതമാനവും ഒക്ടോബറോടെ മൂന്നാം വ്യാപനമെന്ന മുന്നറിയിപ്പ് നൽകി. ചുരുക്കം ചിലർ ആഗസ്ത്–- സെപ്തംബർ കാലയളവിൽ മൂന്നാം വ്യാപനമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളും ചെറുപ്പക്കാരും കൂടുതലായി രോഗബാധിതരാകാൻ സാധ്യതയുണ്ടെന്ന് 26 പേർ പറഞ്ഞു.