മ്യൂണിക്> വിജയത്തിന്റെ പെരുമ്പറ മുഴക്കി ജർമനി വരുന്നു. അലിയാൻസ് അരീനയിൽ മൂന്ന് ദിനം മുമ്പ് തലതാഴ്ത്തി മടങ്ങിയ ജോക്വിം ലോയുടെ കുട്ടികൾ പോർച്ചുഗലിനെ തുരത്തി യൂറോ കപ്പ് ഫുട്ബോളിൽ ഉജ്വലമായി തിരിച്ചുവന്നു. 4–-2ന്റെ ഉശിരൻ ജയം.
ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് ഒറ്റഗോളിന് വീണ ജർമനി ആയിരുന്നില്ല പോർച്ചുഗലിനെതിരെ കണ്ടത്. പിന്നിലായിട്ടും പതറിയില്ല. വീറോടെ നാലടിച്ച് തിരിച്ചുവന്നു.
കയ് ഹവേർട്സും റോബിൻ ഗൊസെൻസുമാണ് ജർമനിയുടെ കളി നയിച്ചത്. ഇരുവരും ഗോളടിച്ചു. ജർമനിയുടെ ആദ്യ രണ്ട് ഗോളുകളും പോർച്ചുഗൽ പ്രതിരോധക്കാരായ റൂബെൻ ഡയസിന്റെയും റാഫേൽ ഗുറെയ്റോയുടെയും പിഴവിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ദ്യേഗോ ജോട്ടയുമാണ് പോർച്ചുഗലിനായി മടക്കിയത്. ജയത്തോടെ മരണഗ്രൂപ്പിൽ ജർമനി പ്രീ ക്വാർട്ടർ സാധ്യതകൾ വീണ്ടെടുത്തു.
ആവേശപ്പോരിൽ തുടക്കം മുതൽ ജർമനി കത്തിക്കയറി. അഞ്ചാം മിനിറ്റിൽ ഗോസെൻസ് വല കണ്ടെങ്കിലും വാറിൽ ഓഫ്സൈഡ് തെളിഞ്ഞു. പ്രത്യാക്രമണത്തിലൂടെയായിരുന്നു റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചത്. മിന്നൽനീക്കത്തിൽ ജർമൻ പ്രതിരോധത്തിന് പിടിവിട്ടു. എന്നാൽ ഒറ്റഗോളിൽ തളർന്നില്ല അവർ. നിരന്തരമായ മുന്നേറ്റത്തിൽ പോർച്ചുഗൽ പ്രതിരോധം ആടിയുലഞ്ഞു. ഇടതുമൂലയിൽ കളിച്ച ഹവേർട്സും ഗൊസെൻസും ചേർന്ന കൂട്ടുകെട്ട് ജർമനിക്ക് മിന്നുംജയം സമ്മാനിച്ചു.