ന്യൂഡൽഹി
ഗാസിയാബാദിൽ മുസ്ലിം വൃദ്ധൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിൽ ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരിക്ക് നോട്ടീസ് അയച്ച് ഉത്തർപ്രദേശ് പൊലീസ്. മൊഴി രേഖപ്പെടുത്താൻ ഏഴുദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് ഗാസിയാബാദ് ലോണി പൊലീസ് സ്റ്റേഷനില് നിന്നയച്ച നോട്ടീസില് പറയുന്നു.
നോട്ടീസിനെക്കുറിച്ച് പ്രതികരിക്കാൻ ട്വിറ്റർ തയ്യാറായില്ല. മുസ്ലിംവൃദ്ധന് എതിരായ ആക്രമണത്തിന് വർഗീയസ്വഭാവമില്ലെന്ന് പൊലീസ് വിശദീകരണം നല്കിയിട്ടും തെറ്റായ പ്രചാരണം നടത്തുന്ന ട്വീറ്റുകൾ ഫ്ലാഗ് ചെയ്യാനോ നീക്കാനോ ട്വിറ്റര് തയ്യാറായില്ലെന്നാണ് ആരോപണം. ട്വീറ്റുകളുടെ പേരില് നിരവധി രാഷ്ട്രീയനേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ കേസെടുത്തിട്ടുണ്ട്. ട്വിറ്ററിന്റെ ഇന്റർമീഡിയറി പദവി കേന്ദ്രസർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് നടപടി.