ന്യൂഡൽഹി
അസമിൽ തേയില തോട്ട മേഖലയിലെ പ്രമുഖ ഗോത്രവിഭാഗ നേതാവായ രൂപ്ജ്യോതി കുർമി കോൺഗ്രസ് വിട്ട് ബിജെപിയിൽ. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ രൂക്ഷമായി വിമർശിച്ചാണ് കൂറുമാറ്റം. തിങ്കളാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ കുർമി ബിജെപി അംഗത്വം സ്വീകരിക്കും. കോൺഗ്രസ് അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ചു.
മരിയാനി മണ്ഡലത്തിൽനിന്ന് നാലുവട്ടം എംഎൽഎയായ യുവനേതാവിന്റെ ചുവടുമാറ്റം തോട്ടമേഖലയില് കോൺഗ്രസിന് വലിയ ക്ഷീണം ചെയ്യും. കുര്മിയുടെ അമ്മ രൂപം കുർമി മൂന്നുവട്ടം എംഎൽഎയും മന്ത്രിയുമായിരുന്നു. ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് അസം അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് തോറ്റതെന്നും രാഹുലിന് നേതൃത്വം ഏറ്റെടുക്കാന് ശേഷിയില്ലെന്നും കുർമി പറഞ്ഞു. സഭയില് കോൺഗ്രസിന്റെ അംഗബലം 28 ആയി.