ന്യൂഡൽഹി
ഇപിഎഫ് അംഗമായവർ ജോലിക്കിടെ മരിച്ചാൽ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കാൻ ആശ്രിതരായ എല്ലാ കുടുംബാംഗങ്ങൾക്കും അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ. കോവിഡ് മൂലമുള്ള മരണങ്ങള്ക്കും ഇതു ബാധകം. നിലവിലുള്ള പദ്ധതിയെ കുറിച്ച് കോവിഡ് സാഹചര്യത്തിലാണ് സര്ക്കാര് കൂടുതല് വ്യക്തത വരുത്തിയത്.
പദ്ധതിപ്രകാരം ഗ്രാറ്റുവിറ്റി അടയ്ക്കുന്നതിനു മിനിമം സേവനകാലയളവ് ബാധകമല്ല. രോഗബാധിതരായി ജോലിക്ക് ഹാജരാകാൻ കഴിയാതെ വന്നാൽ വർഷത്തിൽ 91 ദിവസം 70 ശതമാനം വേതനത്തിനു തുല്യമായ ആനുകൂല്യം ലഭിക്കും.
മരിക്കുന്ന ജീവനക്കാരന്റെ കുടുംബത്തിനു ലഭിക്കുന്ന പരമാവധി ആനുകൂല്യം ആറു ലക്ഷത്തിൽനിന്ന് ഏഴ് ലക്ഷമായി ഉയർത്തി. മരണത്തിനുമുമ്പ് ഒന്നോ അതിലധികമോ സ്ഥാപനങ്ങളിൽ തുടർച്ചയായി 12 മാസം ജോലി ചെയ്ത, പദ്ധതിയിൽ അംഗമായ ജീവനക്കാരൻ മരണമടഞ്ഞാൽ അർഹതപ്പെട്ട കുടുംബാംഗങ്ങൾക്ക് കുറഞ്ഞത് 2.5 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. 2020 ഫെബ്രുവരി 15 മുതൽ ഇതിനു പ്രാബല്യമുണ്ട്.
ഇഎസ്ഐ
ഇഎസ്ഐ പദ്ധതിപ്രകാരം ഇൻഷുർ ചെയ്ത തൊഴിലാളിക്ക് ജോലിക്കിടയിലെ അപകടം മൂലമോ കോവിഡ് മൂലമോ മരണം സംഭവിച്ചാല് ലഭിച്ചുകൊണ്ടിരുന്ന ശരാശരി ദൈനംദിന വേതനത്തിന്റെ 90 ശതമാനത്തിന് തുല്യമായ പെൻഷൻ, ജീവിതപങ്കാളിക്കും വിധവയായ അമ്മയ്ക്കും ജീവിതകാലം മുഴുവനും, മക്കൾക്ക് 25 വയസ്സ് തികയുന്നതുവരെയും ലഭ്യമാണ്. മകളാണെങ്കിൽ വിവാഹം വരെയാണ് ആനുകൂല്യം. ജോലി ചെയ്യാനാകാത്ത വിധം അംഗവൈകല്യം സംഭവിച്ചാലും ആനുകൂല്യം ലഭിക്കും.