ന്യൂഡൽഹി
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനായ കോവൊവാക്സ് അടുത്ത മാസം കുട്ടികളിൽ പരീക്ഷിക്കും. യുഎസ് കമ്പനി നൊവവാക്സ് വികസിപ്പിച്ച വാക്സിനാണിത്.
യുഎസിലും മെക്സിക്കോയിലും വാക്സിൻ അവസാന ഘട്ട പരീക്ഷണത്തില്. ഇന്ത്യയിൽ മാർച്ചിൽ മുതിർന്നവരിൽ പരീക്ഷണം ആരംഭിച്ചു. സെപ്തംബറിൽ ഇന്ത്യയിൽ ഉപയോഗത്തിലാകുമെന്ന് പ്രതീക്ഷ. 90 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്. യുഎസിലും മെക്സിക്കോയിലുമായി മുപ്പതിനായിരത്തോളം പേരിൽ പരീക്ഷിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും സാധാരണ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാമെന്നതുമാണ് പ്രധാനനേട്ടം.
ഭാരത് ബയോടെക്കിന്റെ കോവാക്സിന് അടിയന്തര ഉപയോഗാനുമതി ലഭിക്കാൻ സമർപ്പിച്ച താൽപ്പര്യപത്രം പരിഗണിക്കാന്‍ ലോകാരോഗ്യസംഘടന 23ന് യോഗം ചേരും. സംഘടന ആവശ്യപ്പെട്ട അധികവിവരങ്ങൾ സമർപ്പിച്ചതോടെയാണ് അപേക്ഷ പരിഗണിക്കാന്‍ തീരുമാനിച്ചത്.