ന്യൂഡൽഹി
ഡൽഹിയിൽ കോവിഡ് മുക്തരായ കുട്ടികളിൽ മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രോം (എംഐഎസ്–- സി) കൂടുന്നതായി റിപ്പോർട്ട്. കോവിഡിനോടുള്ള ശരീരത്തിന്റെ പ്രതിരോധം അമിതമാകുന്നതാണ് ഇതിന് കാരണമെന്ന് ശിശുരോഗ വിദഗ്ധർ വിലയിരുത്തുന്നു. ചികിൽസയിലൂടെ കുട്ടികളുടെ ആരോഗ്യസ്ഥിതി വേഗത്തിൽ മെച്ചമാകുന്നുണ്ടെന്നും ഡോക്ടർമാർ പ്രതികരിച്ചു.
കോവിഡ് ബാധയുണ്ടായി നാല് മുതൽ ആറാഴ്ചയ്ക്കുശേഷമാണ് എംഐഎസ്–- സി ലക്ഷണങ്ങൾ പ്രകടമാകുന്നത്. പനി, തിണർപ്പ്, കണ്ണിൽ അണുബാധ, വയറിളക്കം, വയറുവേദന, മനംപിരട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. അപൂർവമായി അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയുംചെയ്യും. മൂന്നരയാഴ്ചയിൽ എംഐഎസ്–- സി ലക്ഷണങ്ങളുമായി 52 കുട്ടികൾ പ്രവേശിക്കപ്പെട്ടുവെന്ന് ഗംഗാറാം ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ധീരൻ ഗുപ്ത പറഞ്ഞു. കൂടുതൽ കുട്ടികളും 4–- 16 പ്രായപരിധിക്കാരാണ്. മാക്സ്, അപ്പോളോ തുടങ്ങി ഡൽഹിയിലെ മറ്റ് ആശുപത്രികളിലും എംഐഎസ്–-സി ലക്ഷണങ്ങളോടെ നിരവധി കുട്ടികൾ പ്രവേശിക്കപ്പെട്ടു.
അതിനിടെ, മുംബൈയിൽ കോവിഡ് മുക്തരായശേഷം ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്ന് കുട്ടികളുടെ ഒരു കണ്ണ് വീതം അണുബാധയെ തുടർന്ന് നീക്കേണ്ടിവന്നു. നാലും ആറും 14 ഉം വയസ്സുള്ള കുട്ടികളുടെയാണ് കണ്ണ് നീക്കേണ്ടിവന്നത്.