തിരുവനന്തപുരം
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പൊളിച്ചെഴുത്തിനുള്ള അവസരമാണെന്ന് കെജിഒഎ സംഘടിപ്പിച്ച സെമിനാർ. കോവിഡ് പ്രതിസന്ധി ഇതിനായി ഉപയോഗിക്കണം. കേരളത്തിന്റെ രണ്ടാംതലമുറ പ്രശ്നത്തെയും ഭാവി വെല്ലുവിളിയെയും നേരിടാൻ ഇത് ആവശ്യമാണ്. വിജ്ഞാനാധിഷ്ടിത സമ്പദ്ഘടനയിലേക്കുള്ള കൂടുമാറ്റം പരമ്പരാഗത മേഖലയെ തളർത്തുമെന്നത് തെറ്റിധാരണയാണ്.
അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധയായി ‘വൈജ്ഞാനിക സമ്പദ്വ്യവസ്ഥയിലധിഷ്ഠിതമായ വികസിത കേരള സൃഷ്ടിയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലായിരുന്നു ഓൺലൈൻ സെമിനാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ അധ്യക്ഷനായി. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ, എഫ്എസ്ഇടിഒ ജനറൽസെക്രട്ടറി എം എ അജിത്കുമാർ എന്നിവർ സംസാരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ സ്വാഗതവും സെക്രട്ടറി എം ഷാജഹാൻ നന്ദിയും പറഞ്ഞു. മന്ത്രിമാരായ സജി ചെറിയാൻ, ഡോ. ആർ ബിന്ദു, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവർ സംസാരിച്ചു. സമാന്തര സെഷനുകളിൽ പ്രൊഫ. പ്രഭാത് പട്നായിക് അടക്കമുള്ളവർ പങ്കെടുത്തു.