കൊല്ക്കത്ത
മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും നിയന്ത്രണമില്ലാത്ത വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാളില്‍ ഇടതുമുന്നണി വന് പ്രക്ഷോഭത്തിന്. മുന്നണിക്കു പുറത്തുള്ള ഇടതു പാർടികളെക്കൂടി അണിനിരത്തിയാകും പ്രക്ഷോഭമെന്നും ഇടതുമുന്നണിയോഗശേഷം ചെയർമാൻ ബിമൻ ബസു അറിയിച്ചു.
മഹാമാരിയില് വേലയും കൂലിയും നഷ്ടമായ കോടിക്കണക്കിനാളുകളെയാണ് അന്യായമായ വിലവര്ധന ബാധിക്കുന്നത്. വൻകിട എണ്ണക്കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാന് അവസരം സൃഷ്ടിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ ജനങ്ങളുടെ ദുരിതത്തിനു നേരെ കണ്ണടയ്ക്കുന്നു. യാസ് ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും എല്ലാം നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകൾ വൻ ദുരിതത്തിലാണ്. വീടുകൾ തകർന്ന നിരവധി പേര് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്. ഇവര്ക്ക് സഹായം എത്തിക്കാന് സംസ്ഥാന സര്ക്കാര് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ബിമന് ബസു പറഞ്ഞു.
ഗവർണറുടേത് ചട്ടലംഘനം
ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ച് ഗവര്ണര് ബംഗാളില്‍ നടത്തുന്ന ഇടപെടല് അംഗീകരിക്കാനാകില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കി. ഗവർണറെ ഉപയോഗിച്ച് ബംഗാള്‍ സർക്കാരിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ കേന്ദ്രം നടത്തുന്നശ്രമം ഫെഡറല് സംവിധാനത്തിന് വിരുദ്ധമാണ്. ഗവർണർ ബിജെപി നേതാവിനെപ്പോലെയാണ് പെരുമാറുന്നത്. ബിജെപി നേതാക്കളോടൊപ്പമാണ് ഇടപഴകുന്നതും പരിപാടികളില് പങ്കെടുക്കുന്നതും.
ഗവർണർക്കെതിരെ സംസ്ഥാന മന്ത്രിമാർ നടത്തുന്ന പരമാർശങ്ങളും ന്യായീകരിക്കാനാകില്ല. ഗവർണരും സംസ്ഥാന സർക്കാരും സ്വന്തം പരിധിക്കുള്ളിൽനിന്ന് പെരുമാറണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു.