ന്യൂഡൽഹി
രാജ്യത്ത് കോവിഡിന്റെ മൂന്നാം വ്യാപനമുണ്ടായാൽത്തന്നെ കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് ലോകാരോഗ്യസംഘടനയുടെയും ഡൽഹി എയിംസിന്റെയും സെറോ സർവേ റിപ്പോർട്ട്. ഒന്നും രണ്ടും വ്യാപനം മുതിർന്നവരിലെന്നപോലെ കുട്ടികളെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആന്റിബോഡി സാന്നിധ്യമുണ്ട്. അഞ്ച് സംസ്ഥാനത്തായി പതിനായിരം പേരിലാണ് സർവേ നടത്തിയത്. നാല് സംസ്ഥാനത്തെ 4500 പേരുടെ സർവേ ഫലം പരിശോധിച്ചുള്ള ഇടക്കാല റിപ്പോർട്ടിലാണ് ഈ നിഗമനം.
സൗത്ത് ഡൽഹിയിലെ ജനസാന്ദ്രതയേറിയ കോളനികളിലും സര്വേ നടന്നു. ഇവിടെ മുതിർന്നവർക്കൊപ്പം കുട്ടികളിലും 75 ശതമാനത്തിനടുത്ത് പേരിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. രണ്ടാം വ്യാപനത്തിൽ ഇത് കൂടുതൽ ഉയർന്നിട്ടുണ്ടാകാം. ഇത്ര ഉയർന്ന തോതിൽ ആന്റിബോഡി സംരക്ഷണമുള്ളതിനാൽ മൂന്നാം തരംഗം കുട്ടികളിൽ കൂടുതലായി അപകടം വരുത്തില്ലെന്നാണ് വിലയിരുത്തൽ.
സൂക്ഷിക്കണമെന്ന്
മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ രണ്ട് മുതൽ നാല് ആഴ്ചയ്ക്കുള്ളില് കോവിഡ് മൂന്നാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള കർമസമിതി സർക്കാരിന് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി ഉദ്ദവ് താക്കറേ വിളിച്ച അവലോകന യോഗത്തിലാണ് മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ പലയിടത്തും പ്രകടമാകുന്ന തിരക്ക് കണക്കിലെടുത്താണ് മുന്നറിയിപ്പ്. ആദ്യ വ്യാപനത്തിൽ 19 ലക്ഷവും രണ്ടാം വ്യാപനത്തിൽ നാൽപ്പത് ലക്ഷവും രോഗികളെങ്കില് മൂന്നാംവ്യാപനത്തില് ഇത് 80 ലക്ഷം വരെയാകാമെന്നാണ് മുന്നറിയിപ്പ്.