ന്യൂഡൽഹി
സ്വകാര്യവ്യവസായികളുടെ പങ്കാളിത്തത്തോടെ ആഴക്കടൽ പര്യവേക്ഷണം നടത്താനുള്ള കേന്ദ്ര തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അഖിലേന്ത്യാ കിസാൻസഭ. കരയും ആകാശവും റെയിൽവേയും കോർപറേറ്റുകൾക്ക് വിറ്റ മോഡിസർക്കാർ ആഴക്കടലും വിൽക്കുകയാണ്. അങ്ങേയറ്റം തിരക്കിട്ട് സർക്കാർ എടുത്ത ഈ തീരുമാനം പ്രതിഷേധാർഹമാണ്.
‘വിഭവങ്ങളുടെ സുസ്ഥിര ഉപഭോഗം’ ഉറപ്പാക്കാനെന്ന പേരിൽ പരിസ്ഥിതി ലോലമായ ആഴക്കടൽ വാണിജ്യവൽക്കരിക്കുന്നു. വിവേകശൂന്യമായ ഖനനം കടലിലെയും തീരത്തെയും പരിസ്ഥിതിസന്തുലനം തകർക്കും. ദശലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ജീവിത മാർഗത്തെ പ്രതികൂലമായി ബാധിക്കും.
കോർപറേറ്റ് പങ്കാളിത്തത്തോടെയുള്ള ആഴക്കടൽ ദൗത്യത്തിൽനിന്ന് പിന്മാറണം. യുഎൻ പ്രഖ്യാപനം ഉദ്ധരിച്ച് ദൗത്യത്തെ ന്യായീകരിക്കുന്ന സർക്കാർ പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.