ന്യൂഡൽഹി
ഗുജറാത്തിൽ ഗ്രാമീണ പെൺകുട്ടികളിൽ പ്ലസ്ടു പഠിക്കുന്നത് 29.2 ശതമാനംമാത്രം. കേരളത്തിൽ ആ പ്രായത്തിലുള്ള 93.6 ശതമാനം പെൺകുട്ടികളും ഹയർ സെക്കൻഡറി സ്കൂളിലെത്തുമ്പോഴാണ് ഗുജറാത്തിലെ പിന്നോക്കാവസ്ഥ. അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയാണ് കണക്ക് പുറത്തുവിട്ടത്.
ഗുജറാത്തിലെ ഗ്രാമീണമേഖലയിൽ 97.3 ശതമാനം പെൺകുട്ടികളും പ്രാഥമിക പഠനത്തിന് ചേരുന്നുണ്ടെങ്കിലും നാലിൽ ഒരാളാണ് പ്ലസ് ടുവിലെത്തുന്നത്. കേരളത്തിൽ 99.4 ശതമാനം പെൺകുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിന് ചേരുമ്പോൾ 93.6 ശതമാനവും പ്ലസ് ടു പൂർത്തിയാക്കുന്നു. ഗ്രാമീണ മേഖലയിലെ ആൺകുട്ടികളുടെ പഠനത്തിലും ഗുജറാത്ത് ഏറെ പിന്നിലാണ്. 45 ശതമാനം മാത്രമാണ് പ്ലസ് ടു പഠിക്കാനെത്തുന്നത്. കേരളത്തിലിത് 90.8 ശതമാനമാണ്. ബിഹാർ, കർണാടക, അസം സംസ്ഥാനങ്ങളും ഗ്രാമീണ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഏറെ പിന്നിലാണ്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ബിജെപി സർക്കാർ 2015ൽ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ, 2020 വരെ പദ്ധതിക്ക് 447 കോടി അനുവദിച്ചതിൽ 325 കോടിയും പരസ്യത്തിനാണ് ഉപയോഗിച്ചത്.