ലക്നൗ > ഉത്തര്പ്രദേശില് തലമറയ്ക്കാന് ഹെല്മറ്റും രക്ഷയ്ക്ക് ഷീല്ഡും കൊടുക്കാത്തതിനാല് പ്ലാസ്റ്റിക് സ്റ്റൂളും ചൂരല് കവചവുമായി ജനക്കൂട്ടത്തെ നിയന്ത്രിക്കാനിറങ്ങി പൊലീസ്. ഒടുവില് ഇത് വാര്ത്തയായപ്പോള് പൊലീസുകാര്ക്ക് സസ്പെന്ഷനും. എസ്എച്ച്ഒ യ്ക്കും ഒപ്പം മൂന്ന് പൊലീസുകാര്ക്കുമാണ് സസ്പെന്ഷന്.
ഉന്നാവോയില് നടന്ന അക്രമ സംഭവത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിച്ചതിനെ തുടര്ന്നാണ് പൊലീസുകാര്ക്കെതിരെ നടപടി ഉണ്ടായത്. ക്രമസമാധാന പ്രശ്നങ്ങള് നിയന്ത്രിക്കാന് പൊലീസുകാര്ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള് നല്കുന്നില്ലെന്ന് ഉത്തര്പ്രദേശ് സര്ക്കാരിനെതിരെ വ്യാപക വിമര്ശനം ഉയരുന്നതിനിടെയാണ് പുതിയ സംഭവമുണ്ടായതും പൊലീസുകാര്ക്കെതിരെ സസ്പെന്ഷന് നടപടിയെടുത്തതും.
ആള്ക്കൂട്ടത്തിന്റെ വ്യാപക കല്ലേറ് നിയന്ത്രിക്കുന്ന പൊലീസുകാര്ക്കാണ് യാതൊരുവിധ സുരക്ഷ സംവിധാനവുമില്ലാത്തത്.ദേവി ഘേധ ഗ്രാമത്തിലുണ്ടായ അപകടത്തില് രണ്ട് പേര് മരിച്ചതിനെ തുടര്ന്നുണ്ടായ സംഘര്ഷം നേരിടാനാണ് പൊലീസ് സ്റ്റൂളും ചൂരല് കവചവും ഉപയോഗിച്ചത്. സംഭവത്തില് 40 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു