കൊച്ചി> പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസിലെ രണ്ടാം പ്രതി യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറല് സെക്രട്ടറി ഷാന് മുഹമ്മദ്(39) മുന്കൂര് ജാമ്യം തേടി. കേസില് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന് സാധ്യതയുള്ളതിനാല് മുന്കൂര് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ സെഷന്സ് കോടതിയില് നല്കിയ അപേക്ഷ 21ന് പരിഗണിക്കും.
കോണ്ഗ്രസ് നേതാവ് അഡ്വ. മാത്യു കുഴല്നാടന് വഴിയാണ് ഷാന് അപേക്ഷ നല്കിയത്. കേസിലെ ഒന്നാംപ്രതിയായ റിയാസാണ് കുറ്റക്കാരനെന്നും ഷാന് മുഹമ്മദിന് കേസുമായി ബന്ധമില്ലെന്നും അപേക്ഷയില് പറയുന്നു. ഷാന് മുഹമ്മദിന്റെ മുന് ഡ്രൈവറായ റിയാസ് പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ വിവരം അറിഞ്ഞിട്ടും ഷാന് മറച്ചുവയ്ക്കുകയായിരുന്നു.
ഗര്ഭിണിയായ പെണ്കുട്ടിയുടെ രക്തം പരിശോധിക്കാന് ഇരുവര്ക്കൊപ്പം കാറില് പോയതും ഷാന് മുഹമ്മദാണെന്ന് മുന്കൂര് ജാമ്യാപേക്ഷയില് വ്യക്തമാക്കിയിട്ടുണ്ട്. ഇതല്ലതെ പെണ്കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേസിന് പിന്നില് രാഷ്ട്രീയ വിരോധമാണെന്നുമാണ് ഷാനിന്റെ വാദം.
പീഡന വിവരത്തെക്കുറിച്ച് പെണ്കുട്ടിയുടെ വീട്ടുകാര് ഷാനിനോട് പരാതി പറഞ്ഞപ്പോള് ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം മറച്ച് വയ്ക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണ്.
റിയാസ് പിടിയിലായതോടെ ഷാന് മുഹമ്മദ് ഒളിവില് പോയി. ഇയാള്ക്കായി പോത്താനിക്കാട് പൊലീസ് തിരച്ചില് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 മാര്ച്ച് 20ന് രാത്രി പെണ്കുട്ടിയെ റിയാസ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.