ബംഗളൂരു
കർണാടകയിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പാളയത്തിൽപ്പട തുടരുന്നതിനിടെ ഉത്തർപ്രദേശിന് സമാനമായ ഇടപെടലുമായി കേന്ദ്ര നേതൃത്വം. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയടക്കം യെദ്യൂരപ്പയ്ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് നീക്കം. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺസിങ് കോർകമ്മിറ്റി യോഗത്തിനു മുമ്പ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യെദ്യൂരപ്പയെ മാറ്റണമെന്ന് ബിജെപിക്കുള്ളിൽ ഒരു വിഭാഗം താൽപ്പര്യപ്പെടുന്നുണ്ടെന്ന് മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു കൂട്ടർ ഡൽഹിയിൽ പോയിരുന്നു. എല്ലാവരുമായി ചർച്ച നടത്തിയശേഷം അരുൺസിങ് തീരുമാനമെടുക്കുമെന്നും ഈശ്വരപ്പ പ്രതികരിച്ചു. യെദ്യൂരപ്പ തന്റെ ഗ്രാമവികസന വകുപ്പിൽ തടസ്സം സൃഷ്ടിക്കുന്നെന്ന് ആരോപിച്ച് ഈശ്വരപ്പ ഗവർണർക്ക് പരാതി നൽകിയിരുന്നു. ബസനഗൗഡ പാട്ടീൽ അടക്കം ബിജെപി എംഎൽഎമാരും ചില മന്ത്രിമാരും യെദ്യൂരപ്പയ്ക്കെതിരെ രംഗത്തുണ്ട്.