ന്യൂഡൽഹി
പശുപതി കുമാർ പരസിനെ എൽജെപിയുടെ ലോക്സഭാ നേതാവായി അംഗീകരിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിരാഗ് പസ്വാൻ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. പാർടി ലോക്സഭാ നേതാവ് താൻ തന്നെയാണെന്ന് ചിരാഗ് അവകാശപ്പെട്ടു.
എൽജെപി ഭരണഘടനയുടെ 26–-ാം വകുപ്പ് പ്രകാരം കേന്ദ്ര പാർലമെന്ററി ബോർഡാണ് ലോക്സഭാ നേതാവിനെ തീരുമാനിക്കേണ്ടത്. പരസ് അടക്കം അഞ്ച് എംപിമാരെ ദേശീയ എക്സിക്യൂട്ടീവ് പുറത്താക്കിയിട്ടുമുണ്ട്. ഈ വസ്തുതകൾ പരിഗണിച്ച് പരസിനെ നേതാവായി അംഗീകരിച്ചത് പുനഃപരിശോധിക്കണമെന്ന് കത്തില് പറയുന്നു.
പിളർപ്പ് പൂർണമായ എൽജെപിയിൽ ചിരാഗ് വിഭാഗവും പരസ് വിഭാഗവും കഴിഞ്ഞ ദിവസം ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർത്തു. ഇരുവിഭാഗവും പരസ്പരം പുറത്താക്കി. പരസ് വിഭാഗം വർക്കിങ് പ്രസിഡന്റായി സൂരജ് ഭാനെ തെരഞ്ഞെടുക്കുകയും അഞ്ചുദിവസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെടുത്തുകയും ചെയ്തു.