കൊച്ചി
മോഡി സർക്കാർ പിടിമുറുക്കുന്ന ലക്ഷദ്വീപിൽ ഇരുപതോളം സ്വകാര്യ പുരയിടങ്ങൾ പിടിച്ചെടുക്കാൻ കൊടിനാട്ടി. കവരത്തിയിലാണ് ഇരുപതോളം പുരയിടങ്ങൾ ഉൾപ്പെടുന്ന സ്വകാര്യ ഭൂമി പിടിച്ചെടുക്കാൻ ഉടമകളെ അറിയിക്കാതെ റവന്യു വിഭാഗം കൊടിനാട്ടിയത്. പൊതു ആവശ്യത്തിന് സ്വകാര്യഭൂമി നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള വ്യവസ്ഥകളോടെ നിയമഭേദഗതി വരാനിരിക്കെയാണ് കടുത്ത നടപടി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ലക്ഷദ്വീപിൽ എത്തിയതിനുപിന്നാലെയാണിത്.
അഡ്മിനിസ്ട്രേറ്ററുടെ നിർദേശപ്രകാരം സ്ഥലമേറ്റെടുക്കാൻ കൊടിനാട്ടിയതായി റവന്യു ഉദ്യോഗസ്ഥർ അറിയിച്ചതോടെ ദ്വീപുവാസികൾ കടുത്ത ആശങ്കയിലായി. പ്രഫുൽ കെ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റശേഷം തയ്യാറാക്കിയ മൂന്നു പ്രധാന നിയമഭേദഗതികളിൽ ഒന്ന് ദ്വീപിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതാണ്. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റഗുലേഷനാ (എൽഡിഎആർ)ണ് വികസനാവശ്യത്തിന് സ്വകാര്യഭൂമി യഥേഷ്ടം പിടിച്ചടക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ളത്. കടലിലും തീരത്തും റിസോർട്ടുകളും ഹോട്ടലുകളും നിർമിക്കാനും ദേശീയപാതാ മാതൃകയിൽ റോഡുകൾ നിർമിക്കാനുമാണ് ഉദ്ദേശിക്കുന്നത്. കെട്ടിടനിർമാണം, ഖനനം, മറ്റ് എൻജിനിയറിങ് ജോലികൾ എന്നിവയ്ക്കായി ഭൂപ്രകൃതിക്ക് മാറ്റംവരുത്താനും നിലവിലെ നിർമാണങ്ങൾ നീക്കംചെയ്യാനും അഡ്മിനിസ്ട്രേഷന് എൽഡിഎആർ അധികാരം നൽകും.
ഭൂമിയിലും കെട്ടിടത്തിലും ദ്വീപുവാസികൾക്ക് സ്ഥിരാവകാശം നൽകാതെ, വിനോദസഞ്ചാരവികസനത്തിന്റെ പേരിൽ നടപ്പാക്കുന്ന നിർമാണങ്ങൾക്കായി തദ്ദേശവാസികളെ കുടിയൊഴിക്കുകയാണ് ലക്ഷ്യം.
വൈദ്യുതിമേഖല സ്വകാര്യവൽക്കരണം, വൻകിട ആശുപത്രി നിർമാണം, റോഡുകളുടെ വികസനം, സ്മാർട്ട് സിറ്റി പദ്ധതിയിലെ വിവിധ പദ്ധതികൾ, വമ്പൻ റിസോർട്ടുകളും ഹോട്ടലുകളും നിർമിക്കാനുള്ള ഇക്കോ ടൂറിസം പദ്ധതികൾ, കവരത്തിയിലെ ഹെലിബേസ് വികസനം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ വിവിധ പദ്ധതികൾ എന്നിവ സംബന്ധിച്ച ചർച്ചകളും അഡ്മിനിസ്ട്രേറ്ററുടെ ഒരാഴ്ചത്തെ സന്ദർശന അജണ്ടയിലുണ്ട്.