ന്യൂഡൽഹി
ഗാസിയാബാദിൽ മുസ്ലിം വൃദ്ധൻ ആക്രമണത്തിന് ഇരയായ വാർത്ത പ്രചരിപ്പിച്ചതിന് ട്വിറ്ററിന് എതിരെ കേസ്. അക്രമം റിപ്പോർട്ട് ചെയ്ത ‘ദി വയർ’ വാർത്താ പോർട്ടൽ, വാർത്തയും ആക്രമണദൃശ്യങ്ങളും ട്വീറ്റ് ചെയ്ത രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് എതിരെയും ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ട്വിറ്റർ ഇൻകോർപറേഷൻ, ട്വിറ്റർ കമ്യൂണിക്കേഷൻസ് ഇന്ത്യ, കോൺഗ്രസ് നേതാക്കളായ സൽമാൻ നിസാമി, മസ്കൂർ ഉസ്മാനി, ഷമ മുഹമദ്, മാധ്യമപ്രവർത്തകരായ റാണാ അയൂബ്, സബാ നഖ്വി, മുഹമദ് സുബൈർ തുടങ്ങിയവർക്ക് എതിരെയാണ് ഗാസിയാബാദ് ലോണി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കലാപത്തിനുള്ള പ്രകോപനം, സ്പർദ്ധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന, കുഴപ്പങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഈ മാസം അഞ്ചിന് ഗാസിയാബാദിലെ ലോണിയിൽ പള്ളിയിലേക്ക് പോകുന്ന വഴിയിൽ 72കാരൻ അബ്ദുൾസമദ് ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള വാർത്തയുടെ പേരിലാണ് നടപടി. ‘ജയ് ശ്രീരാം’, ‘വന്ദേമാതരം’ വിളിക്കാൻ പറഞ്ഞത് അനുസരിക്കാത്തതിനാണ് ആറ് പേർ ചേർന്ന് മർദിച്ചതെന്ന് അബ്ദുൾസമദിന്റെ പരാതിയിൽ പറയുന്നു. അക്രമികൾ തന്റെ താടി മുറിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. എന്നാൽ, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലുണ്ടായ സംഘർഷമാണിതെന്ന് പൊലീസ് വിശദീകരിച്ചു.
ഔദ്യോഗിക വിശദീകരണം നല്കിയിട്ടും സംഭവത്തിന് വർഗീയനിറം ചമച്ച് പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്ന് ലോണി സ്റ്റേഷൻ ഹൗസ് ഓഫീസർ അഖിലേഷ് മിശ്ര പ്രതികരിച്ചു. വാർത്തയുടെ ലിങ്ക് സാമൂഹ്യമാധ്യമങ്ങളില് പങ്കുവച്ചതിന് കേസെടുത്തത് അപലപനീയമെന്ന് ‘ദി വയർ’ പ്രസ്താവിച്ചു.
ട്വിറ്ററിന്റെ പരിരക്ഷ
റദ്ദാക്കി
കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്ത ട്വിറ്ററിന്റെ ‘ഇന്റർമീഡിയറി’ പദവി റദ്ദാക്കി. ഇതോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കത്തിന്റെ പേരിലുള്ള നിയമനടപടികളിൽനിന്ന് അവർക്ക് ലഭിച്ചിരുന്ന പരിരക്ഷ നഷ്ടമായി. ഇനിമുതൽ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന പേരിൽ ട്വിറ്ററിന് എതിരെ പൊലീസിന് കേസെടുക്കാം.
ഐടി ആക്റ്റ് 79–-ാം വകുപ്പ് പ്രകാരമാണ് സാമൂഹ്യമാധ്യമങ്ങൾക്ക് ‘ഇന്റർമീഡിയറി’ പദവി ലഭിക്കുന്നത്. ഒരാൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നത് ഒഴിവാക്കിയിരുന്നു. മെയ് 26 മുതൽ പ്രാബല്യത്തിലായ പുതിയ ഐടി ചട്ടം പാലിക്കാൻ ട്വിറ്ററിന് പലവട്ടം നിർദേശം നൽകിയിട്ടും അനുസരിക്കാത്തതിലാണ്നടപടിയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു. അതേസമയം, ഐടി ചട്ടം പാലിക്കാൻ ട്വിറ്റർ നടപടി തുടങ്ങിയതായി ട്വിറ്റര് വൃത്തങ്ങൾ അറിയിച്ചു.