ജറുസലേം
വെടിനിർത്തൽ കരാർ നിലവിൽവന്ന് ഒരു മാസം തികയുംമുമ്പ് ഗാസയിലേക്ക് വീണ്ടും ഇസ്രയേൽ ആക്രമണം . ബുധനാഴ്ച പുലർച്ചെ ഹമാസ് കേന്ദ്രങ്ങളിലേക്ക് തുടർ വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച ‘അറബികൾക്ക് മരണ’മെന്നും ‘അറബ് ഗ്രാമങ്ങൾ കത്തിയമരട്ടെ’യെന്നും മുദ്രാവാക്യം മുഴക്കി കിഴക്കൻ ജറുസലേമിൽ തീവ്ര ജൂത ദേശീയവാദികൾ പ്രകടനം നടത്തിയിരുന്നു. പ്രകോപനം സൃഷ്ടിക്കാനും പുതിയ സർക്കാരിനെ അട്ടിമറിക്കാനും ഉദ്ദേശിച്ചായിരുന്നു പ്രകടനം. പ്രകടനത്തെ പ്രതിരോധിക്കാൻ ഹമാസും ആഹ്വാനം ചെയ്തിരുന്നു.
വംശീയ മുദ്രാവാക്യങ്ങൾ ഉയർത്തി നടന്ന പ്രകടനം ഇസ്രയേലിന് അപമാനമെന്ന് വിദേശ മന്ത്രി യായിർ ലാപിഡ് ട്വീറ്റ് ചെയ്തു. തീവ്ര ദേശീയവാദിയായ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റിന് ഇത്തരം പ്രശ്നങ്ങൾ വെല്ലുവിളിയാകും. അറബ് പാർടി ഉൾപ്പെടുന്ന സഖ്യത്തെ നയിക്കുന്ന ബെന്നറ്റ് വംശീയ വിഷയങ്ങളിൽ അനുഭാവപൂർവം പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.