ന്യൂഡൽഹി
കോവാക്സിനിൽ നവജാത കന്നുകുട്ടികളുടെ സിറം (രക്തം കട്ടപിടിക്കുമ്പോൾ വേർതിരിയുന്ന പ്രോട്ടീൻ സമ്പന്നമായ കടുംമഞ്ഞ നിറത്തിലുള്ള ദ്രാവകം) ഉപയോഗിക്കുന്നതായ വാർത്ത അടിസ്ഥാനരഹിതമെന്ന് ആരോഗ്യ മന്ത്രാലയം. കന്നുകുട്ടികളുടെ സിറം വിറൊ കോശങ്ങളുടെ വളർച്ചയ്ക്കാണ് ഉപയോഗിക്കുന്നത്. വിവിധ കന്നുകാലികളുടെയും മറ്റ് മൃഗങ്ങളുടെയും സിറം ഇതിനായി ഉപയോഗിക്കാറുണ്ട്. വാക്സിൻ ഉൽപ്പാദനത്തിന് സഹായിക്കുന്ന സെൽ ലൈനുകളുടെ സൃഷ്ടിക്കായാണ് വിറൊ കോശങ്ങൾ ഉപയോഗിക്കുന്നത്. പോളിയോ, പേ വിഷം, ജലദോഷപ്പനി എന്നിവയ്ക്കുള്ള വാക്സിനുകൾ നിർമിക്കുന്നതിനും ഈ സാങ്കേതികത ഉപയോഗിക്കുന്നുണ്ട്.
വിറൊ കോശങ്ങൾ വെള്ളവും രാസവസ്തുക്കളും ഉപയോഗിച്ച് പലവട്ടം കഴുകി കന്നുകുട്ടി സിറം പൂർണമായും ഇല്ലാതാക്കും. ഈ കോശങ്ങളിലേക്ക് കോവിഡ് വൈറസിനെ കടത്തിവിട്ട് വൈറൽ വളർച്ച ഉറപ്പാക്കും. ഈ ഘട്ടത്തിൽ വിറൊ കോശങ്ങൾ പൂർണമായും നശിപ്പിക്കപ്പെടും. പിന്നീട് വളർച്ചയെത്തിയ വൈറസിനെയും നശിപ്പിച്ച് ശുദ്ധീകരിക്കും. ഇതാണ് അന്തിമ വാക്സിനായി ഉപയോഗിക്കുക. അന്തിമ വാക്സിനിൽ കന്നുകുട്ടി സിറം ഇല്ല–- ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
രോഗികൾ മൂന്നു
കോടിയിലേക്ക്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.97 കോടി. മരണം 3.82 ലക്ഷം. 24 മണിക്കൂറിൽ രോഗികള്‍ 62224, മരണം2542. ചികിത്സയിലുള്ളവരുടെ എണ്ണം 8.66 ലക്ഷമായി. 70 ദിവസത്തിന് ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ കുറയുന്നത്.