ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന വ്യക്തികൾക്ക് നീതി ഉറപ്പാക്കാൻ ഹൈക്കോടതികൾ അവശ്യ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഹൈക്കോടതിയിലെ പകുതി ജഡ്ജിമാരെങ്കിലും വലിയ പ്രയാസങ്ങൾ നേരിടുന്നവരുടെ ഹർജികൾ ഒന്നിടവിട്ട ദിവസങ്ങളിൽ പരിഗണിക്കാൻ തയ്യാറാകണമെന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു.
പഞ്ചാബ്,ഹരിയാന ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ ഒരുവർഷത്തെ കാലതാമസം വരുത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സുപ്രീംകോടതിയുടെ ഇടപെടൽ. സ്ഥിരം ജാമ്യം തേടിയുള്ള ഹർജി ഒരുവർഷമായിട്ടും ലിസ്റ്റ് ചെയ്യപ്പെടാതിരുന്നത് കസ്റ്റഡിയിലുള്ള വ്യക്തിയുടെ അവകാശത്തെ പ്രതികൂലമായി ബാധിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചു.