ലാവാപ്രവാഹം നിലയ്‍ക്കാതെ ഐസ്ലാന്റിലെ ഫാഗ്രദാൾസ്‌ഫിയാൽ അഗ്നിപർവതം. 700 വർഷങ്ങൾക്ക് ശേഷം ആദ്യമായി മാർച്ചിലാണ് ഫാഗ്രദാൾസ്‌ഫിയാൽ അഗ്നിപർവതം പൊട്ടിത്തെറിച്ചത്. അന്ന് മുതൽ ഇവിടെ നിലയ്‍ക്കാതെ ലാവ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിപർവതത്തിൽനിന്ന് പുറത്തുവരുന്ന ലാവ നേരിട്ട് ലാവാ ട്യൂബിനുള്ളിലൂടെ ഒഴുകി നീങ്ങുകയാണ്.
നത്താഗി താഴ് വരയുടെ തെക്കേ അറ്റത്താണ് ലാവാപ്രവാഹം കൂടുതലുള്ളത്. ദിവസങ്ങൾക്ക് മുമ്പ് ഗെലിംഗടലൂരിൽനിന്ന് ഇടുങ്ങിയ താഴ്വരയിലൂടെ ലാവ നതാഗിയിലേക്ക് നിറഞ്ഞൊഴുകുകയായിരുന്നു. നതാഗിയിൽ ലാവ കൂടുതൽ ഇടത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ ഏത് വഴിക്കും ലാവാപ്രവാഹം സംഭവിച്ചേക്കാവുന്ന നത്താഗക്രിക് മേഖലയിലേക്കുള്ള ലാവാപ്രവാഹത്തിന് കാലതാമസം വരുത്തുവാനും ഒഴുക്കിന്റെ ഗതി മാറ്റുവാനുമായി മതിൽ നിർമിക്കാനാണ് ഗ്രിന്റാവിക് സിവിൽ ഡിഫൻസിന്റെ തീരുമാനം.
ഇവിടെനിന്നുള്ള ദൃശ്യങ്ങൾ കുറേ ദിവസങ്ങളായി, യുട്യൂബിൽ വിവിധ ആംഗിളുകളിലായി ലൈവായി സംപ്രേഷണം ചെയ്‌യുന്നുണ്ട്.
700 വർഷങ്ങൾക്കിപ്പുറം സംഭവിച്ച അഗ്നിപർവത സ്ഫോടനം എന്ന നിലയിൽ ഈ പ്രതിഭാസം കാണാൻ നിരവധി ആളുകൾ ഇവിടേക്ക് എത്തിയിരുന്നു. മാർച്ച് മുതൽ നിലയ്‍ക്കാതെ ലാവ ഒഴുകിക്കൊണ്ടിരിക്കുകയാണെങ്കിലും അടുത്തൊന്നും വലിയ ജനവാസ മേഖലയില്ലാത്തതിനാൽ ഇതുവരെ അപകടങ്ങളുണ്ടാക്കിയിട്ടില്ല. എങ്കിലും ലാവാപ്രവാഹത്തിന്റെ വേഗത്തിൽ മാറ്റമില്ലാത്തത് ആശങ്കയ്‍ക്കിടയാക്കുന്നുണ്ട്.
Content Highlights: