ന്യൂഡൽഹി > വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മൂന്ന് പേര്ക്കും ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് സിപിഐ എം പൊളിറ്റ്ബ്യൂറോ. ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ചവരെ കുടുക്കാൻ കേസുകൾ കെട്ടിച്ചമച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ഗുരുതര അനീതി തുറന്നുകാണിക്കുന്ന നിർണായക നീക്കമാണ് കോടതി നടത്തിയത്.
‘ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള തിടുക്കത്തിൽ, ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള അവകാശത്തിനും ഭീകരപ്രവർത്തനത്തിനും ഇടയിലുള്ള അതിർവരമ്പ് സർക്കാർ കണക്കിലെടുത്തില്ല. ഇത്തരം മനോഭാവം ശക്തിപ്പെടുന്നത് ജനാധിപത്യത്തിന് ഒട്ടും ഗുണം ചെയ്യില്ല’–- എന്ന സുപ്രധാന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. കേന്ദ്രസർക്കാരിന്റെ ഗുരുതര തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണങ്ങൾ.
വിമർശവും വിയോജിപ്പും ഉന്നയിച്ച വ്യക്തികൾക്ക് എതിരെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തി നിരവധി കേസ് എടുത്തിട്ടുണ്ട്. ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ നിരവധി പേരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടച്ചിട്ടുണ്ട്. ഈ കേസുകൾക്കെല്ലാം ഹൈക്കോടതി നിരീക്ഷണം ബാധകമാണ്.
എല്ലാ കള്ളക്കേസിന്റെയും കാര്യത്തിൽ ഹൈക്കോടതി നിർദേശം അനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും സർക്കാർ തയ്യാറാകണമെന്നും പിബി ആവശ്യപ്പെട്ടു.