ബ്രസ്സൽസ് > ചൈനയുടെ വിദേശനയവും സൈനിക ശാക്തീകരണവും ലോകത്ത് വർധിച്ചു വരുന്ന സ്വാധീനവും വെല്ലുവിളിയാണെന്ന് നാറ്റോ. ലോകക്രമത്തിന് ചൈന നിരന്തര വെല്ലുവിളി ഉയർത്തുന്നു. ചൈനയുടെ വ്യാപാര, സൈനിക, മനുഷ്യാവകാശ നയങ്ങളെ ഒരുമിച്ച് നേരിടുമെന്നും നാറ്റോ പ്രസ്താവനയിൽ പറഞ്ഞു. ‘അന്താരാഷ്ട്ര’ ധാരണകൾ മാനിക്കണമെന്നും ചൈനയോട് ആവശ്യപ്പെട്ടു. എന്നാൽ, യഥാർഥ ഭീണി റഷ്യയാണെന്നും പ്രസ്താവന വ്യക്തമാക്കി.
ജി 7 ഉച്ചകോടിയിൽ എന്നപോലെ ചൈനയെ ‘എതിരാളി’യായി മുദ്രകുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമങ്ങളോട് പല നാറ്റോ അംഗരാജ്യങ്ങളും വിയോജിച്ചു. ചൈനയെയും ഭീഷണിയെന്ന് വിശേഷിപ്പിക്കുന്നത് അനുയോജ്യമാകില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ ചൂണ്ടിക്കാട്ടി. ജർമനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇന്ധനത്തിനായി റഷ്യയെയും വലിയതോതിൽ ആശ്രയിക്കുന്നു. ചൈനയെ ലോകസുരക്ഷയ്ക്ക് ‘വെല്ലുവിളി’ എന്ന് വിശേഷിപ്പിച്ചതിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വിയോജിച്ചു. ‘സഖ്യത്തിന്റെ യഥാർഥ ലക്ഷ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കരുത്’ എന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയിൽനിന്നുള്ള സൈബർ ആക്രമണങ്ങളെ യോജിച്ച് നേരിടാനും സഖ്യം തീരുമാനിച്ചു. ഗുരുതരമെങ്കിൽ ഇത്തരം ആക്രമണങ്ങളെ നാറ്റോയ്ക്ക് എതിരായ സായുധ ആക്രമണമായി കണക്കാക്കി പ്രതിരോധിക്കും.
ഉപഗ്രഹങ്ങൾക്കുനേരെ ഉൾപ്പെടെയുള്ള ബഹിരാകാശ ആക്രമണങ്ങളെയും പ്രതിരോധ പരിധിയിൽ കൊണ്ടുവരാനും തീരുമാനിച്ചു.
ഭീഷണികളെ ചെറുക്കും: ചൈന
ബീജിങ് > ചൈന സുരക്ഷാ വെല്ലുവിളി ഉയർത്തുന്നെന്ന നാറ്റോ പ്രസ്താവന തള്ളി ചൈന. തങ്ങൾ സമാധാനം ആഗ്രഹിക്കുന്നെന്നും എന്നാൽ, രാജ്യത്തിന് നേരെയുണ്ടാകുന്ന ഭീഷണികളെ പ്രതിരോധിക്കുമെന്നും ചൈനയുടെ യൂറോപ്യൻ യൂണിയൻ സ്ഥാനപതി വ്യക്തമാക്കി. ചൈനയുടെ സമാധാനപരമായ വികസനത്തെ താറടിക്കുന്നതും ശീതയുദ്ധ മനോഭാവത്തിന്റെ തുടർച്ചയുമാണ് നാറ്റോ പ്രസ്താവനയെന്നും ചൈന വ്യക്തമാക്കി. സ്വന്തം അജൻഡയെ ന്യായീകരിക്കാനാണ് സഖ്യം ‘ചൈനയിൽനിന്ന് സൈനിക ഭീഷണി’യെന്ന വാദം പടയ്ക്കുന്നതെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് മനുഷ്യാവകാശം ലംഘിക്കുന്നതായ ജി 7 പരാമർശവും ചൈന തള്ളി. ഒരു ചെറുസംഘം രാജ്യങ്ങൾ ചേർന്ന് ലോകകാര്യങ്ങൾ തീരുമാനിക്കുന്ന കാലം കഴിഞ്ഞെന്ന് ചൈന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.