ബുഡാപെസ്റ്റ് > നിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി, എട്ട് മിനിറ്റിൽ മൂന്ന് ഗോളടിച്ച് ചാമ്പ്യൻമാരായ പോർച്ചുഗലിന്റെ ഗംഭീര അരങ്ങേറ്റം. ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളടിച്ചപ്പോൾ ഹംഗറിക്ക് നാട്ടുകാരുടെ മുമ്പിൽ തോൽവി. റാഫേൽ ഗുറേറിയയുടേതാണ് ആദ്യ ഗോൾ.
യൂറോ കപ്പിൽ ഏറ്റവും കൂടുതൽ പതിപ്പുകളിൽ കളിച്ച താരമെന്ന ഖ്യാതി സ്വന്തമാക്കിയ പോർച്ചുഗീസ് ക്യാപ്റ്റൻ 22 കളിയിൽ പതിനൊന്ന് ഗോളടിച്ച് റെക്കോഡിട്ടു. യൂറോയിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി റൊണാൾഡോ.
രണ്ടാം പകുതിയുടെ ഒടുവിലായിരുന്നു മൂന്നു ഗോളും. 84–ാം മിനിറ്റിലാണ് ആദ്യ ഗോൾ. മൂന്ന് മിനിറ്റിനുള്ളിൽ റാഫേൽ സിൽവയെ വീഴ്ത്തിയതിന് കിട്ടിയ പെനൽറ്റി റൊണാൾഡോ ലക്ഷ്യം കണ്ടു. പരിക്ക് സമയത്ത് പട്ടിക പൂർത്തിയാക്കി. പുസ്കാസ് സ്റ്റേഡിയത്തിൽ മുഴുവൻ സീറ്റിലും കാണികൾക്ക് പ്രവേശനമുണ്ടായിരുന്നു. 67,215 പേരാണ് കളികാണാനെത്തിയത്.