ന്യൂഡൽഹി
പഞ്ചാബിനും രാജസ്ഥാനും പുറമെ ബിഹാറിലും ആഭ്യന്തരപ്രശ്നങ്ങളിൽ ഉലഞ്ഞ് കോൺഗ്രസ്. ബിഹാറിൽ കോൺഗ്രസിന്റെ ആകെ 19 എംഎൽഎമാരിൽ 13 പേരും എൻഡിഎയിലേക്ക് ചേക്കേറാൻ സാധ്യത. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിലേക്കാകും കൂറുമാറ്റം. എംഎൽഎമാർ ബന്ധപ്പെട്ടെന്ന് ജെഡിയു വൃത്തങ്ങൾ വെളിപ്പെടുത്തി.
ബിഹാറിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ള എൻഡിഎ സർക്കാരില് അതൃപ്തി പുകയവെയാണ് കോൺഗ്രസ് എംഎൽഎമാരുടെ സഹായഹസ്തം. 243 അംഗ സഭയിൽ ഭരണമുന്നണിക്ക് 127 ഉം മഹാസഖ്യത്തിന് 110ഉം എംഎൽഎമാര്. ഒവൈസിയുടെ എഐഎംഐഎമ്മിന് അഞ്ച് എംഎൽഎമാർ. എൻഡിഎയിൽ ജിതൻറാം മാഞ്ചിയുടെ എച്ച്എഎമ്മിനും മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർടിക്കും നാലു എംഎൽഎമാർ വീതമുണ്ട്. ലാലുവിന്റെ മകൻ തേജ്പ്രതാപ് യാദവ് കഴിഞ്ഞദിവസം മാഞ്ചിയെ വസതിയിലെത്തി കണ്ടിരുന്നു. തുടർന്ന് മാഞ്ചി ലാലുവുമായി ഫോണിൽ സംസാരിച്ചു. മുകേഷ് സാഹ്നിയുമായും ലാലു ഫോണിൽ ബന്ധപ്പെട്ടു. സർക്കാരിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് പരാതിപ്പെടുന്നവരാണ് മാഞ്ചിയും സാഹ്നിയും. എൻഡിഎ വിട്ടുവന്നാൽ പുതിയ സർക്കാരിൽ വൻപദവി ലാലു വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ കോൺഗ്രസിൽ വലിയൊരു വിഭാഗത്തെ ആകർഷിച്ചുകൊണ്ട് ജെഡിയു, ലാലുവിന്റെ നീക്കത്തിന് തടയിടുന്നു. കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് ജെഡിയു അധ്യക്ഷൻ ആർസിപി സിങ് പരിഹസിച്ചു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മോശം പ്രകടനമാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. 70 സീറ്റ് ചോദിച്ചുവാങ്ങിയ കോൺഗ്രസ് ജയിച്ചത് 19 സീറ്റിൽ. 29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം 16 സീറ്റ് നേടി. 2018 ലും ബിഹാർ കോൺഗ്രസിൽ കൂട്ട കൊഴിഞ്ഞുപോക്കുണ്ടായി. പിസിസി പ്രസിഡന്റായിരുന്ന അശോക് ചൗധുരി ഇപ്പോള് ജെഡിയു വർക്കിങ് പ്രസിഡന്റും മന്ത്രിയുമാണ്.