ന്യൂഡൽഹി
രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി വീണ്ടും പൊട്ടിത്തെറിയിലേക്ക്.വിമത നേതാവ് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അടുപ്പമുള്ള എംഎൽഎമാരെ ബന്ധപ്പെട്ട് പിന്തുണ തേടിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബിഎസ്പിയിൽനിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ആറ് എംഎൽഎമാരെയാണ് പൈലറ്റ് ബന്ധപ്പെട്ടത്. 2019ൽ ബിഎസ്പി വിട്ടെത്തി പിന്തുണ നൽകിയ ഇവർക്ക് കോൺഗ്രസ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതുവരെ വാഗ്ദാനം നടപ്പാക്കാത്തതിൽ ഇവർ അസ്വസ്ഥരാണ്. ഉടന് മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് ഇവരില് ഒരാളായ ലഖൻമീണ പരസ്യമായി ആവശ്യപ്പെട്ടു. പിന്നാലെയാണ് സച്ചിൻ പൈലറ്റ് ഇവരെ ബന്ധപ്പെട്ടത്.
ഡൽഹിയിലുള്ള സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാൻ ദേശീയ നേതൃത്വം മന്ത്രിസഭ പുനഃസംഘടന ഉൾപ്പെടെയുള്ള ഉറപ്പുകൾ പൈലറ്റ് പക്ഷത്തിന് നൽകിയെങ്കിലും ഒന്നും പാലിച്ചിട്ടില്ല. ഗെലോട്ട് പക്ഷം എംഎൽഎമാരുടെ ഫോൺ ചോർത്തുന്നുവെന്ന് പൈലറ്റിന്റെ അടുപ്പക്കാരനായ എംഎൽഎ വേദ്പ്രകാശ് സോളങ്കി ആരോപിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തി.