ന്യൂഡൽഹി
ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിയെ പൊറുതിമുട്ടിച്ച് കര്ഷകപ്രക്ഷോഭം കരുത്താര്ജിക്കുന്നു. ജജ്ജറിൽ പാർടി ഓഫീസ് നിർമിക്കാന് ബിജെപി സംസ്ഥാന അധ്യക്ഷന് ഓംപ്രകാശ് ധങ്കറിട്ട തറക്കല്ല് മണിക്കൂറുകൾക്കകം കർഷകരെത്തി നീക്കം ചെയ്തു. സ്ഥലം കര്ഷകരുടെ പുതിയ സമരവേദിയായി പ്രഖ്യാപിച്ചു. വരുംദിനങ്ങളിൽ ബിജെപി സർക്കാരിനെതിരായ പ്രക്ഷോഭവേദിയായി ഇവിടം മാറും.
കർഷകരോഷം ഭയന്ന് നിശ്ചയിച്ചതിലും നേരത്തേ ധങ്കറെത്തി തറക്കല്ലിട്ട് മടങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കർഷകർ തറക്കല്ല് പിഴുതുമാറ്റി. കർഷകസംഘടനകളുടെ കൊടി നാട്ടി. ഏതാനും മാസമായി ഹരിയാനയിൽ ബിജെപി നേതാക്കൾക്ക് കർഷകർ വിലക്ക് കൽപ്പിച്ചിരിക്കയാണ്. മുഖ്യമന്ത്രിയടക്കം പങ്കെടുക്കേണ്ട ചടങ്ങുകൾ മാറ്റിവയ്ക്കേണ്ടി വരുന്നു.
കരട് വൈദ്യുതി ഭേദഗതി ബിൽ ഒളിച്ചുകടത്തുന്നു
കർഷകസമരത്തെതുടർന്ന് കേന്ദ്രം പിൻവലിച്ച കരട് വൈദ്യുതി ഭേദഗതി ബില്ലിലെ പല വ്യവസ്ഥയും കേന്ദ്രം മറ്റ് രൂപത്തിൽ ഒളിച്ചുകടത്തുന്നതായി കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി. കർഷകർക്കും കാർഷിക കണക്ഷനുകൾക്കും വൈദ്യുതി ഇളവനുവദിക്കാത്ത സംസ്ഥാനങ്ങൾക്ക് പല ആനുകൂല്യവും അനുവദിച്ചത് ഇതിന് ഉദാഹരണമാണെന്ന് സംയുക്ത കിസാൻമോർച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ കടമെടുക്കാന് ധനമന്ത്രാലയം അനുമതി നൽകി.
മോഡി അധികാരമേറ്റശേഷം യുഎപിഎ അടക്കം ചുമത്തപ്പെട്ട് തടവിലാക്കപ്പെട്ടവരുടെ മോചനം ആവശ്യപ്പെട്ട് ടിക്രി അതിർത്തിയിലെ സമരകേന്ദ്രത്തിൽ പ്രത്യേക സമ്മേളനം ചേർന്നു. കിസാൻസഭാ അധ്യക്ഷൻ അശോക് ധാവ്ളെ, ജോഗീന്ദർ സിങ് ഉഗ്രഹാൻ, ഭഗത് സിങ്ങിന്റെ അനന്തരവൻ പ്രൊഫ. ജഗ്മോഹൻ സിങ് തുടങ്ങിയവർ സംസാരിച്ചു. ഭീമകൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 16 പേർ, ജെഎൻയു, അലിഗഢ്, ജാമിയ വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, ചലച്ചിത്ര പ്രവർത്തകർ, കാർട്ടൂണിസ്റ്റുകൾ തുടങ്ങിയവരെ മോചിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.