കൊച്ചി
കവരത്തിയിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ ഒഴിപ്പിക്കുന്നത് തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി. ദ്വീപിലെ നിയമങ്ങൾക്ക് വിരുദ്ധവും മതിയായ സർവേയോ അന്വേഷണമോ നടത്താതെയുമാണ് ഒഴിപ്പിക്കൽ എന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ആഷിക് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്. കേസ് കുടുതൽ വാദത്തിനായി മാറ്റി.
ദ്വീപിൽ കടലോരത്ത് സർക്കാർ ഭൂമിയിൽ വ്യാപക കൈയേറ്റം നടന്നതായി കലക്ടർ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു. സർക്കാർ ഭൂമിയിൽനിന്നാണ് മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ചത്. സ്വകാര്യ ഭൂമിയിൽനിന്നാണെന്ന വാദം തെറ്റാണ്. താൽക്കാലിക ഷെഡുകൾ സ്ഥാപിച്ചത് സ്ഥിരനിർമാണം ലക്ഷ്യമിട്ടാണ്. ഷെഡുകളിൽ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് സൗകര്യങ്ങൾ ഒരുക്കണമെന്ന കാര്യത്തിൽ ദ്വീപു ഭരണകൂടം ബോധവാൻമാണ്. മത്സ്യബന്ധന പ്രവർത്തനങ്ങൾക്കായി 5700 ചതുരശ്ര മീറ്ററിൽ പ്രത്യേക സ്ഥലം വികസിപ്പിക്കുന്നുണ്ട്. ദ്വീപ് വികസനത്തിന്റെയും സൗന്ദര്യവൽക്കരണത്തിന്റെയും ഭാഗമാണിത്.
പ്രത്യേക സ്ഥലം പ്രയോജനപ്പെടുത്താൻ മത്സ്യത്തൊഴിലാളികൾക്ക് ബാധ്യതയുണ്ടെന്നും കലക്ടർ അറിയിച്ചു. ഒഴിപ്പിക്കൽ നടപടികൾക്കെതിരെ അപ്പീൽ നൽകാൻ അവസരമുണ്ടെന്നും ഇത് പ്രയോജനപ്പെടുത്താതെയാണ് കോടതിയെ സമീപിച്ചതെന്നും ഹർജി തള്ളണമെന്നും കലക്ടർ ആവശ്യപ്പെട്ടു.